പത്തനംതിട്ട : അനധികൃത വ്യാപാര മേളകള്‍ക്കെതിരെ പൊരുതാനുറച്ച് പത്തനംതിട്ടയിലെ വ്യാപാരികള്‍. ഉത്സവകാലങ്ങളില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയുയര്‍ത്തി മേളകളിലൂടെ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളും കമ്പനി സെക്കന്റ്സും വിലകുറച്ച് വിറ്റഴിക്കുന്നത് മൂലം പത്തനംതിട്ടയിലെ വ്യാപാരികളുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം., ജനറല്‍ സെക്രട്ടറി കെ.സി.വര്‍ഗീസ്, ട്രഷറര്‍ ഉല്ലാസ് പുരുഷോത്തമന്‍ എന്നിവര്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുമ്പോട്ടു പോകുമെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയുള്ള അനധികൃത വ്യാപാരമേളകള്‍ക്ക് നഗരസഭ അനുമതി നല്‍കുവാന്‍ പാടില്ലെന്നും ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം പഴയ ജിയോ ഗ്രൌണ്ടിലായിരുന്നു ഓണത്തിനോടനുബന്ധിച്ച് മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന വ്യാപാരമേള നടത്തുവാന്‍ എറണാകുളം സ്വദേശി തയ്യാറെടുത്തത്. നഗരസഭയുടെ അനുമതി ലഭിക്കുന്നതിനു മുമ്പേ ഇവിടെ ഷെഡുകള്‍ നിര്‍മ്മിക്കുകയും സാധനസാമഗ്രികള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് പ്രതിഷേധവും നിയമനടപടികളുമായി മുന്നിട്ടിറങ്ങുകയായിരുന്നു. നിലവില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിലും ഡിവിഷന്‍ ബഞ്ചിലും കേസ് നടക്കുകയാണ്. കൂടാതെ ഇന്നലെ ചേര്‍ന്ന പ്രത്യേക നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ഭരണ – പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ഒന്നടങ്കം വ്യാപാര മേളക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ വ്യാപാരമേളക്ക് അനുമതി നല്‍കണമെന്ന താല്‍പ്പര്യത്തിലാണ്. 2019 ലെ കേരളാ മുനിസിപ്പല്‍ ബില്‍ഡിംഗ് ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് മാത്രമേ താല്‍ക്കാലിക വ്യാപാര മേളകള്‍ക്കും സ്ഥിരം വ്യാപാരങ്ങള്‍ക്കും ലൈസന്‍സ് നല്‍കുവാന്‍ കഴിയു. ജനത്തിരക്കേറുന്ന വ്യാപാര മേളകള്‍ക്ക് മതിയായ സ്ഥല സൗകര്യം ഉണ്ടെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ അത്യാഹിതം ഉണ്ടായാല്‍ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തടസ്സമൊന്നും ഉണ്ടാകാന്‍ പാടില്ല. അതായത് മേള നടക്കുന്ന ഷെഡിന് ചുറ്റും അഗ്നിശമന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയണം. ഇതുപോലെയുള്ള കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമേ താല്‍ക്കാലിക വ്യാപാരമേളകള്‍ക്ക് ലൈസന്‍സ് നല്‍കുവാന്‍ കഴിയൂവെന്നിരിക്കെയാണ് നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി വ്യാപാരമേളകള്‍ക്ക് അനുമതി നല്‍കുവാന്‍ ശ്രമിക്കുന്നതെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. നഗരസഭാ കൌണ്‍സിലിന്റെ തീരുമാനം പോലും കോടതിയെ യഥാസമയം അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത അലംഭാവം ഉണ്ടാകുന്നുണ്ടെന്നും ഏകോപനസമിതി ഭാരവാഹികള്‍ ആരോപിച്ചു.





























