മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും വിധിച്ചു. എടക്കര പാലേമാട് പനങ്ങാടൻ ഷാനവാസ് (36) ആണ് പ്രതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്മി കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്. 2020 ഡിസംബർ ഒന്ന് മുതൽ 18 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 9 വയസ്സുകാരി താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പ്രതി അതിക്രമിച്ച് കയറിയാണ് ലൈംഗികാതിക്രമം നടത്തിയത്. എടക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം കെ രാമദാസനാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചാൽ അതിജീവിതക്ക് നൽകാനും അടച്ചില്ലെങ്കിൽ ഏഴു മാസം സാധാരണ തടവ് കൂടുതൽ അനുഭവിക്കാനും കോടതി വിധിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.