തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിൻസിപ്പൽ നിയമനകേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കും. പ്രധാന രേഖകൾ അഡീഷനൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാൻ കഴിഞ്ഞ ദിവസം ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. അന്തിമപട്ടിക കരട് പട്ടികയാക്കാൻ ഉന്നതവിദ്യാസ മന്ത്രി നിർദ്ദേശിച്ചുള്ള ഫയലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്സും ഹാജരാക്കാനാണ് നിർദ്ദേശം. അനധികൃത ഇടപെടൽ നടത്തിയ മന്ത്രി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുമ്പോൾ ട്രിബ്യൂണൽ നിലപാട് നിർണ്ണായകമാണ്.
പരാതി തീർപ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആർ ബിന്ദുവിന്റെ വിശദീകരണം. പ്രിൻസിപ്പൽ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാർ. സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. യുജിസി റഗുലേഷൻ പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.