തിരുവനന്തപുരം : മരണഭയത്തിൽ ദൈവത്തിനെ വിളിച്ചു, തൊട്ടുമുന്നിൽ രക്ഷകനായി എത്തിയത് സുബ്രദോ ബിശ്വാസ്. തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ആ ഇതര സംസ്ഥാനതൊഴിലാളിയെ കണ്ട അവർ കെട്ടിപിടിച്ചു. രണ്ടുനാൾ മുമ്പ് വിഴിഞ്ഞത്ത് കാറ്റിൽപ്പെട്ട് മറിഞ്ഞ മത്സ്യബന്ധന ബോട്ടിൽ നിന്ന് രക്ഷപെടുത്തിയ പൂന്തുറ സ്വദേശികളായ നെപ്പോളിയനെയും തോമസിനെയും കാണാനാണ് കൽക്കട്ട സ്വദേശിയായ സുബ്രദോ ബിശ്വാസ് എത്തിയത്.
ശനിയാഴ്ചയാണ് സുബ്രദോ പൂന്തുറയിൽ എത്തി നെപ്പോളിയനെയും തോമസിനെയും കണ്ടത്. സുബ്രദോയെ കണ്ടപ്പോൾ രക്ഷപെട്ടവരുടെ ബന്ധുക്കളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല. കൈകൾ കൂപ്പി അവർ സുബ്രദോയ്ക്ക് നന്ദി പറഞ്ഞു.
മുന്നറിയിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ മത്സ്യബന്ധനത്തിന് തിരിച്ച ഞങ്ങൾ തീരത്ത് നിന്ന് 15 കിലോമീറ്റർ ഉള്ളിൽ എത്തുമ്പോഴാണ് കാറ്റ് വില്ലനാണെന്നു മനസിലായത്. ഉടൻ തന്നെ തിരികെ തീരത്തേക്ക് തിരിച്ചു. തിരികെ ഹാർബറിലേക്ക് കയറുമ്പോഴാണ് വള്ളം അപകടത്തിൽപ്പെട്ട് മറിയുന്നത്. ഉച്ചത്തിൽ സഹായം അഭ്യർത്ഥിച്ചും ദൈവത്തെ വിളിച്ചും ഞങ്ങൾ കടലിൽ കിടന്ന് ജീവൻ നഷ്ടമാകും എന്ന പേടിയിൽ നിലവിളിക്കുമ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് സുബ്രദോ എത്തിയത്… – തോമസും നെപ്പോളിയനും പറഞ്ഞു.
ചൊവ്വാഴ്ച വിഴിഞ്ഞത്ത് അപകടം നടക്കുമ്പോൾ സുബ്രദോ അവിടെ ഉണ്ടായിരുന്നു. സന്നാഹങ്ങൾ എല്ലാം ഉണ്ടായിട്ടും കൂറ്റൻ തിരകളെ രക്ഷാ ഏജൻസികൾ ഭയന്നിടത്ത് നിലവിളികൾ കേട്ട ഉടനെ ഇൻബോർഡ് എഞ്ചിൻ ഘടിപ്പിച്ച ചെറിയ ബോട്ടിൽ സുബ്രദോ രക്ഷയ്ക്കായി ഇറങ്ങുകയായിരുന്നു. അദാനി ഗ്രൂപ്പിന്റെ ബാർജിൽ നിന്നുള്ള വെളിച്ചത്തിൽ സുബ്രദോക്ക് കടലിൽ അകപ്പെട്ടവരെ കാണാൻ പറ്റുന്നുണ്ടായിരുന്നു. മറിഞ്ഞ വളളത്തിനരികെ പിടിച്ച് കിടന്ന് നിലവിളിക്കുകയായിരുന്ന തോമസിന്റെയും നെപ്പോളിയന്റെയും അടുത്തെത്തി വള്ളം വിട്ട് ചാടാൻ സുബ്രദോ പറഞ്ഞു. തുടർന്ന് കൈപിടിച്ച് ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കവേ വീണ്ടുമെത്തിയ ശക്തമായ തിരയിൽ രണ്ടുപേരും വെളളത്തിലേക്ക് മുങ്ങി.
പിന്നാലെ വന്ന അടുത്ത തിരക്കൊപ്പം തോമസും നെപ്പോളിയനും ഉയർന്നുവരുന്നത് കണ്ട് ഉടൻ സുബ്രദോ വളളം തുഴഞ്ഞെത്തി രണ്ടുപേരെയും വലിച്ച് കയറ്റുകയായിരുന്നു. ”വള്ളം വള്ളം എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ജീവൻ ജീവൻ എന്ന് പറഞ്ഞു സുബ്രദോ കരയിലേക്ക് തിരിച്ചു..” – അവർ പറഞ്ഞു.
അത്രയുംനേരം കടൽ വെള്ളം കുടിച്ച് ഇരുവരും ഏറെ അവശരായിരുന്നു. കരയിലേക്ക് കൊണ്ടുവരുമ്പോൾ പലതവണ തിരടയിച്ച് വളളം മറിയുമെന്ന സാഹചര്യമുണ്ടായിട്ടും സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ ഹാർബറിലേക്ക് ഇരുവരെയും വലിച്ച് കയറ്റി. അപകടത്തിൽപ്പെട്ട് കിടക്കുമ്പോൾ മുന്നിലൂടെ കടന്നുപോയ വളളക്കാർ തങ്ങളെ കണ്ടുവെങ്കിലും ഭയം കൊണ്ട് കര പിടിക്കാൻ നോക്കിയതല്ലാതെ തങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്ന് ഇരുവരും പറഞ്ഞു.
ഒരുപക്ഷേ അവർ സഹായിച്ചിരുന്നു എങ്കിൽ ഒപ്പമുണ്ടായിരുന്ന സ്‌റ്റെല്ലസ് മരണത്തിലേക്ക് പോകില്ലായിരുന്നു എന്ന് ഇരുവരും പറഞ്ഞു. വളളമുടമ ഡാർവിനെ 3 മണിക്കൂറിന് ശേഷം തീരസംരക്ഷണ സേനയാണ് രക്ഷിച്ചത്. തങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സുബ്രദോയെ നാട്ടുകാർക്ക് മുന്നിലും നെപ്പോളിയനും തോമസും പരിചയപ്പെടുത്തി. ഒരു മണിക്കൂറോളം പൂന്തുറ പള്ളിക്ക് സമീപം ഇവർക്കൊപ്പം ചിലവഴിച്ച ശേഷമാണ് സുബ്രദോ മടങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി വിഴിഞ്ഞത്ത് അദാനിക്ക് കീഴിൽ പണിക്കാരനായ സുബ്രദോ വിഴിഞ്ഞത്തുകാർക്ക് വേണ്ടപ്പെട്ടവൻ ആണ്.