കൊച്ചി: ഹോങ് കോങ്ങില്‍ കാണാതായ കൊച്ചി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി ജിജോ ആഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങ് പോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ജിജോയെ കാണാതായത്. ജിജോയെ കാണാതായതില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മേയ് 14ന് കപ്പലിലെ ജീവനക്കാരനാണ് ജിജോയെ കാണാതായ വിവരം വിളിച്ച് അറിയിക്കുന്നത്. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങള്‍ക്കോ ലഭിച്ചിട്ടില്ല.
തായ്ലാന്‍ഡില്‍നിന്ന് ഹോങ് കോങ്ങിലേക്കു പോയ കെസ്ട്രല്‍ കമ്പനിയുടെ കണ്ടെയ്നര്‍ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിന്‍. മേയ് 12-നാണ് അമ്മ ഷേര്‍ളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്‌സ്-ടി ഷിപ്പിങ്ങില്‍നിന്ന് ക്യാപ്റ്റന്‍ അനില്‍ സൂദ് എന്ന് പരിചയപ്പെടുത്തിയ ആള്‍ ജിജോയെ കാണാനില്ലെന്ന വിവരം ഷേര്‍ളിയെ അറിയിച്ചത്. പിന്നീട് ഷിപ്പിങ് കമ്പനിയില്‍നിന്ന് വീണ്ടും അറിയിപ്പു വന്നു. ഹോങ് കോങ്ങില്‍ രണ്ടു ദിവസം തിരച്ചില്‍ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ലെന്നുമായിരുന്നു സന്ദേശം.