കോന്നി : തണ്ണിത്തോട് – ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് മരം വീണ് തകർന്ന ക്രാഷ് ബാരിയർ അറ്റകുറ്റപണികൾ നടത്തി പുനസ്ഥാപിക്കാത്തത് അപകട ഭീഷണിയുയർത്തുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്ന റോഡാണ് ഇത്. തണ്ണിത്തോട് കൂത്താടിമൺ മുതൽ 1.6 കിലോമീറ്റർ ഭാഗമാണ് ഇന്റർലോക്ക് പാകിയിട്ടുള്ളത്. റോഡിന്റെ ഈ ഭാഗത്ത് മഴക്കാലത്ത് നീരുറവ രൂപപെടുന്നതിനാൽ ടാർ ചെയ്യുന്നത് പ്രായോഗികമല്ല എന്നതിനാൽ ആയിരുന്നു ഈ ഭാഗം ഇന്റർലോക്ക് പാകിയത്. ഇന്റർ ലോക്ക് കട്ടകൾ പാകിയതിന് ശേഷം നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. കുത്തനെയുള്ള ഇറക്കം ആയതിനാൽ വാഹനത്തിന്റെ ടയറുകൾ തെന്നിമാറി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് കൂടുതലും അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇന്റർലോക്ക് കട്ടകൾ പാകിയ ശേഷം അപകടങ്ങൾ വർധിച്ചതോടെ ആദ്യ ഘട്ടത്തിൽ മുളകൊണ്ട് നിർമ്മിച്ച വേലിയാണ് അപകടം കുറക്കാൻ സ്ഥാപിച്ചത്. പിന്നീട് കാലങ്ങൾക്ക് ശേഷമാണ് ക്രാഷ് ബാരിയർ സ്ഥാപിച്ചത്. എന്നാൽ ഇത് സ്ഥാപിച്ചതിന് ശേഷം ശക്തമായ കാറ്റിലും മഴയിലും മരം വീണ് ക്രാഷ് ബാരിയർ തകർന്നെങ്കിലും പിന്നീട് ഇത് പുനസ്ഥാപിക്കാൻ ബന്ധപെട്ടവർ തയ്യാറായില്ല.
ഇന്റലോക്ക് കട്ടകൾക്ക് ഘർഷണം കുറവായതിനാൽ ടാറും മണലും ചേർന്ന മിശ്രിതം സ്പ്രേ ചെയ്യാൻ തീരുമാനിച്ചു എങ്കിലും നടപ്പായില്ല. ഇതേ റോഡിൽ മാക്രിപാറക്ക് സമീപം ആണ് കൂടുതലും അപകടങ്ങൾ നടന്നിട്ടുള്ളത്. വനമായതിനാൽ രാത്രിയിൽ വെളിച്ചം ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കയറ്റം കയറി വരുന്ന വാഹനങ്ങളും ടയർ തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് അപകടങ്ങൾ നടന്നിട്ടുണ്ട്. തണ്ണിത്തോട് നിന്ന് ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ,ആങ്ങമൂഴി, ഗവി, ശബരിമല ഭാഗത്തേക്ക് എല്ലാം പോകാൻ കഴിയുന്ന പ്രധാന പാതയാണ് ഇത്. മുൻ വർഷങ്ങളിൽ ശബരിമല മണ്ഡല കാലത്ത് ഈ വഴി നിരവധി അയ്യപ്പ ഭക്തർ പോയിരുന്നു. എന്നാൽ സീതത്തോട് പാലം നിർമ്മാണം നടക്കുന്നതിനാൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടത്തി വിടുന്നില്ല.