പത്തനംതിട്ട : കഴിഞ്ഞ മാസം 26ന് കൊച്ചിയിൽ നിന്നു പത്മത്തെ കാണാതായതു മുതൽ മകനും സഹോദരിയും പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയായിരുന്നു. സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. കൊച്ചിയിൽ നിന്നു സ്കോർപിയോ കാറിൽ ഇവർ കയറിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചതാണു കേസിനു തുമ്പായത്. കാർ എവിടെയൊക്കെ പോയി എന്ന അന്വേഷണം എത്തിയത് ഇലന്തൂരിൽ ഭഗവൽസിങ്ങിന്‍റെ വീട്ടിലാണ്.
9ന് രാത്രി ഭഗവൽ സിങ്ങിന്‍റെ അയൽവാസി ജോസ് തോമസിനെ പോലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26നു ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് അവിടെനിന്നു ശേഖരിച്ചു. ഇതിൽ നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്കോർപിയോ കാർ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിയതായി കണ്ടത്. രാത്രി തന്നെ ആറന്മുള സ്റ്റേഷനിൽനിന്നു 2 പോലീസുകാരെത്തി അന്വേഷണം നടത്തി. ഭഗവൽ സിങ്ങിന്‍റെ വീട് നിരീക്ഷണത്തിലാക്കുകയും ചെയ്തു. തിങ്കൾ രാവിലെ ഏഴോടെ കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഭഗവൽ സിങ്ങും ഭാര്യയും.
പോലീസ് ഇവരെ വീട്ടിനുള്ളിൽ 4 മണിക്കൂറോളം ചോദ്യം ചെയ്തു. തുടർന്ന് രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളും ഇവർ കാണിച്ചുകൊടുത്തു. 12 മണിയോടെ പോലീസ് ഇവരെയും കൂട്ടി കൊച്ചിയിലേക്കു പോയി. ഇന്നലെ രാവിലെ പോലീസെത്തി. പിന്നാലെ മാധ്യമപ്രവർത്തകർ എത്തിയതോടെയാണു നരബലി നടന്ന വിവരം പുറത്തറിയുന്നത്.