റാന്നി: ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത വിദൂരതയിലെ കൂട്ടുകാർക്ക് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ്. എൽ. പി. സ്കൂളിലെ കുട്ടികൾ മുന്നോട്ട് വന്നപ്പോൾ സമാഹരിച്ചത് അരലക്ഷം രൂപയും സ്നേഹക്കൂടകളുമാണ്. സമാഹരിച്ച തുകയും സ്നേഹക്കൂടകളും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐ.എ.എസിന് സ്കൂൾ ലീഡർ മുഹമ്മദ് മുസ്തഫ, വിദ്യാർത്ഥി പ്രതിനിധികളായ ധനേഷ് കുമാർ, അദ്വിക് ദിപിൻ, വൈഷ്ണവ്, ആരോൺ, ദിയ വിനോദ്, ഗോപിക എച്ച്. നായർ, എൽസ എസ്. അനീഷ് എന്നിവർ ചേർന്ന് കൈമാറി. മാസങ്ങളായി സ്വരൂപിച്ച കുടുക്കകളിലെ നിക്ഷേപങ്ങളും സൈക്കിൾ വാങ്ങാനും പന്ത് വാങ്ങാനും പാവകൾ വാങ്ങാനുമൊക്കെ മാറ്റിവെച്ചിരുന്ന പണവുമാണ് കുട്ടികൾ വയനാട് ദുരന്തത്തിൽ ദുരിതത്തിലായ കൂട്ടുകാരെ സഹായിക്കുവാനായി സ്കൂളിൽ എത്തിച്ചത്. വയനാട്ടിലെ കൂട്ടുകാർക്ക് സമ്മാനിക്കുവാൻ കുട്ടികളൊരുക്കിയ സ്നേഹക്കൂടയിൽ കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, പുതിയ വസ്ത്രങ്ങൾ, ഗ്ലാസ്സുകൾ, പ്ളേറ്റുകൾ തുടങ്ങിയവയാണുള്ളത്.
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എവ്‌ലിൻ അന്ന ഹേമന്ത് വിമാനത്തിൽ കയറുന്നതിനു വേണ്ടി കുടുക്കയിൽ സ്വരൂപിച്ചു കൊണ്ടിരുന്ന പണമാണ് വയനാട്ടിലെ കൂട്ടുകാരെ കരുതുവാനായി നൽകിയത്. ഒന്നാം ക്ലാസ്സിലെ തന്നെ അനയ അന്ന അനീഷും സഹോദരൻ അനൈവും ചേർന്ന് പന്തും കളിപ്പാട്ടങ്ങളും വാങ്ങുവാൻ കരുതിയിരുന്ന തുകയും അബിയേൽ ബെൻസി സെബിനും ലിനിയ മറിയം ലിജോയും പഠന യാത്രയ്ക്ക് മാറ്റി വെച്ചുകൊണ്ടിരുന്ന തുകയും വയനാടിന്റെ കണ്ണീരൊപ്പാൻ സ്നേഹപൂർവം നൽകി. നാലാം ക്ലാസ്സിൽ പഠിക്കുന്ന ദിയ വിനോദും അനുജത്തി ദക്ഷയും സൈക്കിൾ വാങ്ങുവാനായി സമാഹരിച്ച പണം സ്നേഹക്കൂടയിലേക്ക് നൽകി. നേഴ്‌സറി ക്ലാസ്സിൽ പഠിക്കുന്ന ജെൻലിയ ഇസബെൽ ജയ്സനും കുടുക്കയിൽ ശേഖരിച്ച പണം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അഞ്ചാം ക്ലാസ്സിലെ മുഹമ്മദ് മുസ്തഫയും ധനേഷ് കുമാറും ചേർന്ന് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കുട്ടികൾക്ക് വേണ്ട മറ്റ് അവശ്യ വസ്തുക്കളെല്ലാം ചേർത്ത് അവർ തനിയെ ഒരു സ്നേഹക്കൂടയൊരുക്കി നല്‍കുകയായിരുന്നു.