കോഴിക്കോട്: നഗര കാഴ്ചകളിലേക്കൊരു സൈക്കിൾ സവാരിയെന്ന ലക്ഷ്യവുമായി കോർപ്പറേഷൻ ആവിഷ്ക്കരിച്ച ‘സിറ്റി സെെക്കിൾ’ പാതിവഴിയിൽ. 2022 ആഗസ്റ്റിൽ പ്രഖ്യാപിച്ച പദ്ധതി 2024 ഫെബ്രുവരിയോടെ യാഥാർത്ഥ്യമാകുമെന്നായിരുന്നു കോർപറേഷന്റെ ഉറപ്പ്. പക്ഷെ ഏപ്രിലായിട്ടും പല വാർഡുകളിലും ഷെഡുകളുടെ നിർമ്മാണം പോലും പൂർത്തിയായില്ല. കരാറുകാരെ കിട്ടാത്തതും ചില വാർഡുകളിൽ ഷെഡ്ഡിനുള്ള സ്ഥലം കിട്ടാത്തതുമാണ് തിരിച്ചടിയായത്. ബേപ്പൂർ, പുതിയറ, മാറാട്, ചെലവൂർ, ആഴ്ചവട്ടം, സരോവരം ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സൈക്കിൾ ഷെഡുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നത്. പക്ഷെ ചെലവൂർ, എരഞ്ഞിപ്പാലം, മാറാട്, നെയ്ത്തുകുളങ്ങര എന്നിവിടങ്ങളിൽ മാത്രമാണ് പദ്ധതി തുടങ്ങിയത്. മറ്റ് വാർഡുകളിലേക്കുള്ള 120 സെെക്കിളുകൾ കെെമാറിയെങ്കിലും ഷെഡ്ഡില്ലാത്തതിനാൽ അവ വാർഡുകളിൽ കൂട്ടിയിട്ടിരിക്കുകയാണ്.
ഓരോ ഷെഡ്ഡിലും 20 സൈക്കിളുകൾക്കാണ് സൗകര്യം ഒരുക്കേണ്ടത്. ഷെഡ്ഡിനോടു ചേർന്ന് അറ്റകുറ്റപ്പണിയ്ക്കുള്ള സജ്ജീകരണവും ഏർപ്പെടുത്തണം. ആദ്യഘട്ടം വിജയിക്കുകയാണെങ്കിൽ രണ്ടാംഘട്ടത്തിൽ 65 സൈക്കിൾ ഷെഡുകൾ പണിയാനായിരുന്നു തീരുമാനം.എല്ലാവർക്കും നഗര സവാരിയ്ക്ക് സൈക്കിൾ ഉപയോഗിക്കാമെങ്കിലും പ്രധാനമായും സ്ത്രീകളെ ലക്ഷ്യമാക്കിയായിരുന്നു പദ്ധതിയ്ക്ക് തുടക്കമിട്ടത്. വാർഡുകളിൽ 2.5 ലക്ഷം രൂപ ചെലവിലാണ് ഷെഡ് നിർമ്മിക്കുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരോ വാർഡിലും കുടുംബശ്രീ അംഗത്തിനാണ് സെെക്കിൾ ഷെഡിന്റെ ചുമതല. പദ്ധതിയിൽ നിന്ന് കിട്ടുന്ന വരുമാനം പൂർണമായും അവർക്കുളളതാണ്. രാവിലെ ആറ് മുതൽ പത്ത് വരെയും വെെകീട്ട് നാല് മുതൽ ഏഴുവരെയും സെെക്കിൾ ഉപയോഗിക്കാം. പൊതു അവധിയുൾപ്പെടെ എല്ലാ ദിവസവും പ്രവർത്തിക്കും. ആദ്യ ഒരു മണിക്കൂറിന് 20 രൂപയും രണ്ട് മണിക്കൂറിന് 30 രൂപയും മൂന്ന് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 15 രൂപ അധിക നിരക്കും നൽകുകയും വേണം.