പാലക്കാട് : ചികിത്സയ്‌ക്കായി രോഗിയെ കമ്പിൽ കെട്ടി ചുമന്ന് എത്തിച്ച് പ്രദേശവാസികൾ. വാഹനം എത്തി ചേരാത്തതിനെ തുടർന്ന് രോഗിയെ രണ്ട് കിലോമീറ്ററോളമാണ് കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചതായി പരാതി. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലാണ് സംഭവം. മരുതൻ-ചെല്ലി ദമ്പതികളുടെ മകൻ 22-കാരൻ സതീശനാണ് ഈ ദുരവസ്ഥ ഉണ്ടായത്.
ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദാരുണ സംഭവം. റോഡ് മോശം ആയതിനാൽ ആദിവാസി ഊരിൽ വാഹനം എത്തിയില്ല. തുടർന്നാണ് സതീശനെ കമ്പിൽ കെട്ടി എത്തിച്ചതും പിന്നാലെ ആംബുലൻസിൽ കോട്ടത്തറ ആശുപത്രിയിലെത്തിച്ചതും. റോഡിന് വീതിയില്ലാത്തതിനാലാണ് വാഹനം എത്താതിരുന്നത്.
ഇടയ്‌ക്കിടയ്‌ക്ക് അസുഖം വരുന്നയാളാണ് സതീശൻ. ഇന്നലെ വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടാന ഇറങ്ങുന്ന പ്രദേശത്ത് കൂടി അതി സാഹസികമായാണ് സതീശനെ ആശുപത്രിയിൽ എത്തിച്ചത്.