ദില്ലി: ഉത്തർപ്രദേശിൽ രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് രണ്ട് മിനിറ്റ് നിർത്തികൊടുത്ത സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യ ചെയ്തതെന്നും മനുഷ്യത്വത്തിന് പകരം ജീവൻ നൽകേണ്ടി വന്നെന്നും കുടുംബം പറഞ്ഞു. കണ്ടക്ടറായിരുന്ന മോഹിത് യാദവാണ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത്. ജൂണിലായിരുന്നു വിവാദ സംഭവം.
ബറേലി-ദില്ലി ജനരഥ് ബസ് ഹൈവേയിലാണ് ഇദ്ദേഹം രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി രണ്ട് മിനിറ്റ് നിർത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ കരാർ തൊഴിലാളിയായിരുന്നു ഇദ്ദേഹത്തെ പിരിച്ചുവിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദ്ദേഹം തിങ്കളാഴ്ച മെയിൻപുരിയിൽ ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു. മോഹിത് യാദവ് മൂത്തയാളായിരുന്നു. എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു മോഹിത്. 17,000 രൂപയായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. യുപിആർടിസി പിരിച്ചുവിട്ടശേഷം പലയിടത്തും അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല.