ദോഹ : നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും ഖത്തറിലും കേരളത്തിലും ഫ്രണ്ട്സ് ഓഫ് തിരുവല്ല നടത്തുന്ന ഇടപെടലുകള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും തിരുവല്ല എം.എല്‍.എ വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്ന ഓണഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. നാട്ടിലെന്നപോലെ ഓണത്തിന്റെ സന്തോഷവും ഐക്യവും പ്രവാസലോകം ഒരുമയോടെ ആഘോഷിക്കുന്നതിലൂടെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് തോമസ് കുര്യന്‍ നെടുംത്തറയില്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.വർഗീസ് മാമ്മൻ എം.എല്‍.എ യെ യോഗത്തില്‍ ആദരിച്ചു. മദ്ധ്യതിരുവിതാംകൂറില്‍ നിന്നും ഖത്തറില്‍ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ കോട്ടയം പുതുപ്പള്ളി സ്വദേശി തമ്പു കുര്യന് എം.എല്‍.എ പ്രഥമ ബിസിനസ് ശ്രേഷ്ടത പുരസ്‌കാരം നല്‍കി ആദരിച്ചു. ജനറൽ സെക്രട്ടറി അനീഷ് ജോർജ്ജ് മാത്യു തമ്പു കുര്യനുള്ള മംഗളപത്രം വായിക്കുകയും ജോസ് ഫിലിപ്പ് മംഗളപത്രം സമർപ്പിക്കുകയും ചെയ്തു. ജിജി ജോൺ സ്വാഗതം ആശംസിക്കുകയും ബ്ലൂമി വർഗ്ഗീസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അനു എബ്രഹാം, റോബിൻ എബ്രഹാം കോശി, അബിൻ പയ്യനാട്ട്, നിതിൻ മാത്യു, പ്രമോദ് മാത്യുസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.































