വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ ഏറെ വലുതാണെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ പറഞ്ഞു. പ്രവാസി സംസ്കൃതി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ 46മത് അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അറിഞ്ഞ മഹാകവികളിൽ പണ്ഡിതനും അറിയപ്പെട്ട സാഹിത്യകാരനുമായിരുന്നു അദ്ദേഹം. മഹാകവിയുടെ കവിതകൾ ഏറ്റവും ശ്രദ്ധേയമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം മിനി തോമസ് അധ്യക്ഷത വഹിച്ചു. തുരുത്തിക്കാട് ബി.എ.എം കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.ജോസ് പാറക്കടവിൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസി സംസ്കൃതി അസോസിയേഷന്‍ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, സ്കൂൾ പ്രിൻസിപ്പാൾ രജനി ജോയ്, സ്കൂൾ പ്രധാന അധ്യാപിക സൂസൻ അലക്സാണ്ടർ, അസോസിയേഷൻ പ്രസിഡന്റ് സാമുവേൽ പ്രക്കാനം, സി.ജെ.രാജൻ, കൃഷ്ണകുമാർ തെള്ളിയൂർ എന്നിവർ പ്രസംഗിച്ചു. വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ തെരഞ്ഞെടുത്ത കവിതകളുടെ അവതരണവും നടന്നു.






























