ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ “പുതുവഴിയിലൂടെ വായനയിലേക്ക്” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 19 വായന ദിനത്തിൽ ഇളമണ്ണൂർ കെ.പി.പി.എം യു.പി സ്കൂളില്‍ നടന്നു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വിജയികള്‍ക്കുമുള്ള സർട്ടിഫിക്കറ്റുകളും ട്രോഫിയും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ., ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ദൃശ്യ സംസ്കാരം സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന കാലത്ത് വായനയുടെ പ്രാധാന്യം രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളെയും ബോധ്യപ്പെടുത്തുന്നതിനായാണ് ജില്ലാ ശിശുക്ഷേമ സമിതി ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കിയത്.
പരിപാടിയുടെ ഭാഗമായി ക്ലാസുകളുടെ നിലവാരമനുസരിച്ച് ഓരോ ക്ലാസിനും പ്രത്യേകം പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഇതിനെ ആസ്പദമാക്കി പ്രശ്നോത്തരിയും നടത്തി. കുട്ടികളും രക്ഷിതാക്കളും സജ്ജീവമായി പരിപാടികളില്‍ പങ്കെടുത്തു. ഗാർഗി മോഹൻ ഡി., കുര്യൻ എം., നവനീത് വി., നീരജ് ഓ., അദ്വൈത് കൃഷ്ണ, നിയോൺ സിംജോ സാമുവൽ, കാർത്തിക ഷിബു എന്നിവരാണ് മത്സരവിജയികൾ. പരിപാടിയുടെ സമാപനയോഗം ഇളമണ്ണൂർ ഗവൺമെന്റ് എൽ.പി സ്കൂളില്‍ നടന്നു. കെ.പി.പി.എം യു.പി.എസ് ഹെഡ്മിസ്ട്രസ് സ്വപ്ന രാജ് ആർ., ഇളമണ്ണൂർ ഗവൺമെന്റ് എൽ.പി.എസ് ഹെഡ്മിസ്ട്രസ് ഷീബ എസ്., വിദ്യാർഥികളായ ഹരിനന്ദൻ എസ്., ഗിത്തു എസ്.രാജ് എന്നിവർ സംസാരിച്ചു.































