കടയ്ക്കല്‍ : ബാങ്കില്‍ നിന്ന് പണവുമായി മടങ്ങിയ വീട്ടമ്മയുടെ പക്കലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തു. കുമ്മിള്‍ മുക്കുന്നം ഇടപ്പണ സ്വദേശി റഹീമത്തില്‍ നിന്നാണ് രൂപയും ഫോണും കവർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് മുക്കുന്നത്തിനു സമീപമായിരുന്നു സംഭവം. കടയ്ക്കല്‍ സര്‍വിസ് സഹകരണ ബാങ്കില്‍നിന്നെടുത്ത രണ്ടു ലക്ഷം രൂപയുമായി സ്വകാര്യ ബസില്‍ മുക്കുന്നത്തിറങ്ങി തൊളിക്കുഴി റോഡുവഴി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് പിന്നാലെ ബൈക്കിലെത്തിയ സംഘം തുക തട്ടിയെടുത്തത്.
മുക്കുന്നത്തെ മൊബൈല്‍ കടയില്‍ കയറി നന്നാക്കാന്‍ നല്‍കിയിരുന്ന രണ്ടു മൊബൈല്‍ ഫോണുകളും വീട്ടമ്മ വാങ്ങിയിരുന്നു. ഇതുള്‍പ്പെടെ തട്ടിപ്പറിച്ച സംഘം തൊളിക്കുഴി കല്ലറ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.