മലപ്പുറം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് സര്‍ക്കാര്‍ കുടിശിക ഇനത്തില്‍ നല്‍കാനുള്ളത് 10,31,15,47,932 രൂപയെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി പ്രകാരം ചികില്‍സ നല്‍കിയ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി കുടിശികയിനത്തില്‍ 1031 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. സ്വകാര്യമേഖലയിലെ ആശുപത്രികള്‍ക്ക് 2,08,73,03,779 രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 8,22,42,44,153 രൂപയുമാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളത്. കുടിശിക വര്‍ദ്ധിച്ചതോടെ പദ്ധതി പ്രകാരമുള്ള ചികിത്സ നിര്‍ത്താന്‍ സ്വകാര്യ ആശുപത്രികള്‍ തീരുമാനിച്ചത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പദ്ധതിയില്‍ എന്റോള്‍ ചെയ്തിരിക്കുന്നത് 42 ലക്ഷം കുടുംബങ്ങളാണ്.
ചികിത്സാ സംബന്ധിയായ തുക നിശ്ചിതപാക്കേജ് പ്രകാരം ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് അശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയെ അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മരുന്ന് ലഭ്യമാകാതെ വരുന്നപക്ഷം പ്രസ്തുത മരുന്ന് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ നിന്നും ലഭ്യമാക്കി വരുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മുഖേനയുള്ള മരുന്ന് വിതരണം കെഎംഎസ്‌സിഎല്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും മരുന്ന് വിതരണം കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്ന 70ഔട്ട്‌ലെറ്റുകള്‍ നടത്തിവരുന്നതായും മന്ത്രി അറിയിച്ചു. എംഎല്‍എമാരായ ടിവി ഇബ്രാഹിം, പികെ ബഷീര്‍, നജീബ് കാന്തപുരം, എകെഎം അഷ്‌റഫ് എന്നിവരുടെ ചോദ്യത്തിനായിരുന്നു ആരോഗ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്.