പത്തനംതിട്ട : വേനല്‍ കടുത്തിട്ടും ജില്ലയുടെ മലയോര മേഖലകളില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് നടത്തിയിട്ടില്ല. ഇതോടെ മലയോര മേഖല കാട്ടുതീ ഭീതിയില്‍ കഴിയുകയാണ്. കിഴക്കന്‍ മലയോര മേഖലകളായ സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, പെരുംപെട്ടി മേഖലകളില്‍ വേനല്‍ കാലങ്ങളില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നത് സാധാരണയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ സംഭവിച്ചത് മൂലം ഏക്കര്‍ കണക്കിന് വന ഭൂമിയും സസ്യ ജന്തു ജാലങ്ങളും അഗ്നിക്കിരയായിരുന്നു. വേനല്‍ മുന്‍കൂട്ടി കണ്ട് വനം വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്തതാണ് കാട്ടുതീ പടര്‍ന്നു പിടിക്കുവാന്‍ കാരണം.ഇത്തവണ വേനലിന്റെ കാഠിന്യം ഇരട്ടിയായതും കാട്ടുതീ ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്. കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകള്‍ ചേരുന്നതാണ് കോന്നിയിലെ വനമേഖല. ഇവിടെ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫയര്‍ ബ്രേക്ക്, ഫയര്‍ ഗ്യാങ്ങ്, ഫയര്‍ വാച്ചര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തങ്ങള്‍ ഇനിയും ആരംഭിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വനാതിര്‍ത്തികളില്‍ കാണപ്പെടുന്ന കരിയിലകളും തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളും നീക്കം ചെയുന്നതാണ് ഫയര്‍ ബ്രേക്ക്.
വന സംരക്ഷണ സമിതി അംഗങ്ങളെ ഉള്‍കൊള്ളിച്ച് നടപ്പിലാക്കുന്ന ഫയര്‍ ഗാങ്ങിന്റെ പ്രവര്‍ത്തനവും ഇതുവരെ നടപ്പാക്കിയിട്ടില്ല. പുതിയ വാച്ചര്‍മാരെയും നിയമിച്ചിട്ടില്ല. വനം വകുപ്പ് ഇതിനായുള്ള നടപടികള്‍ ഇപ്പോള്‍ ആരംഭിച്ചതേയുള്ളൂ എന്നാണ് അറിയുവാന്‍ കഴിയുന്നത്. വനത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന കാട്ടുതീക്ക് അപ്പുറം സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ നിന്നോ, വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളില്‍ നിന്നോ ഉള്ള തീ ആണ് കൂടുതലും വനത്തിലേക്ക് പടരുക. ഇത് പലപ്പോഴും തടയുവാന്‍ കഴിയാതെ വരുന്നു. ഉള്‍വനങ്ങളില്‍ തീ പിടിക്കുമ്പോള്‍ വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
തണ്ണിത്തോട്, മേടപ്പാറ, തേക്കുതോട്, ഏഴാംതല , കല്ലേലി, വയക്കര, അതുമ്പുംകുളം, കൊക്കാത്തോട്, നീരാമ്മക്കുളം തുടങ്ങിയ സ്ഥലങ്ങള്‍ എല്ലാം തന്നെ കാട്ടുതീ ഭീഷണിയിലാണ്. വനത്തിനുള്ളില്‍ തീ പിടുത്തമുണ്ടായാല്‍ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലുവാന്‍ കഴിയില്ല. മരങ്ങളുടെ ചില്ലകള്‍ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ തീ കെടുത്തി വരുമ്പോഴേക്കും വനഭൂമി പകുതിയില്‍ കൂടുതല്‍ കത്തി ചാരമായി മാറിയിട്ടുണ്ടാകും. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിച്ചില്ലെങ്കില്‍ എക്കറുകളോളം വരുന്ന വനഭൂമിയും സസ്യ ജന്തുജാലങ്ങളും അഗ്നിക്കിരയാകും.





























