തിരുവനന്തപുരം : ചാക്കയിൽ നാടോടി കുടുംബത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതി ഹസൻ കുട്ടി എന്ന അബു (50) ലൈംഗിക വൈകൃതത്തിന് അടിമയെന്ന് അന്വേഷണ സംഘം. നാടോടി സംഘത്തിലെ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയശേഷം പീഡിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നാണ് വിവരം. മുമ്പ് ആൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചെന്ന് സൂചനയുണ്ട്. കൊല്ലവും വർക്കലയുമാണ് ഇയാളുടെ പ്രധാന കേന്ദ്രങ്ങളെന്ന് വ്യക്തമായ സാഹചര്യത്തിൽ ഈ രീതിയിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ 18 വരെ റിമാൻഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി ഇന്നോ നാളെയോ കസ്റ്റഡിയിൽ വാങ്ങിയേക്കും.
ജനുവരി 12നാണ് കൊല്ലം ജില്ലാ ജയിലിൽ നിന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഫെബ്രുവരി 19നാണ് ആൾ സെയിന്റ്സ് കോളേജിന് സമീപത്തുനിന്ന് രാത്രി 12ഓടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പ്രതി കൂട്ടിപിടിച്ചതിനാൽ കുട്ടിക്ക് മരണം വരെ സംഭവിക്കാമായിരുന്നെന്ന് വിലയിരുത്തിയാണ് പൊലീസ് പ്രതിക്കെതിരെ വധശ്രമം ചുമത്തിയിട്ടുള്ളത്. പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ട് പോയതിനാൽ പോക്സോ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.





























