കോഴിക്കോട് : പൂജ നടത്തി വിവാദത്താലായ കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്‌കൂളിലെ പിടിഎ യോഗത്തിൽ വാക്കുതർക്കം. സ്കൂൾ മാനേജറുടെ മകൻ രുദീഷും പിടിഎ അംഗങ്ങളും പൊതുപ്രവർത്തകരും തമ്മിലായിരുന്നു തർക്കം. ഒടുവിൽ തൊട്ടിൽപാലം പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.സ്കൂളിലെ കെട്ടിടത്തിന്റെ പണി പൂർത്തിയായതിനെ തുടർന്ന് രുദീഷിന്റെ നേതൃത്വത്തിൽ പൂജ നടത്തിയതിന് പിന്നാലെയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് സ്കൂളിൽ പിടിഎ യോഗം വിളിച്ച് ചേർത്തത്. യോഗത്തിൽ രുദീഷ് പങ്കെടുത്തതായിരുന്നു തർക്കത്തിന് കാരണം.
തുടർന്ന് പൊലീസ് ഇടപെട്ട് രുദീഷ് പിടിഎ അംഗമെന്ന നിലയിൽ യോഗത്തിൽ പങ്കെടുപ്പിച്ചു.ശനിയാഴ്ച മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കാനും പിടിഎ യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് യോഗം നടന്നത്. സർവ്വകക്ഷിയോഗത്തിൽ തീരുമാനമെടുത്ത് കൊണ്ട് ശനിയാഴ്ച മുതൽ സ്‌കൂൾ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനമെന്ന് പ്രധാന അദ്ധ്യാപിക ടി കെ സജിത വ്യക്തമാക്കി.