മാനന്തവാടി : വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ കുടുംബത്തിന് പ്രതിഷേധത്തെ തുർന്ന് അഞ്ച് ലക്ഷം രൂപ കൈമാറി. എന്നാൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട് 40 ദിവസം കഴിഞ്ഞിട്ടും ഇടുക്കി പന്നിയാറിലെ പരിമളത്തിന്‍റെ കുടുംബത്തിന് കിട്ടിയത്
50,000 രൂപ മാത്രം. പ്രതിഷേധം അയഞ്ഞതോടെ നടപടികളും ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. ജനുവരി എട്ടാം തീയതി രാവിലെ തേയിലത്തോട്ടത്തിലേക്ക് പണിക്കു പോകുമ്പോൾ ഇനി തിരിച്ചു വരില്ലെന്ന് പരിമളവും വീട്ടുകാരും സ്വപ്നത്തിൽ പോലും കരുതിയില്ല. മറ്റുള്ളവർക്കൊപ്പം പോകുമ്പോൾ തേയിലച്ചെടികൾക്കിടയിൽ നിന്നും കാട്ടാന പാഞ്ഞെത്തുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ പരിമളത്തിനു ഗുരുതര പരുക്കേറ്റു. തേനി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരിച്ചത്. പരിമളത്തിന്‍റെ മൃതദേഹവുമായി തോട്ടം തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. എന്നിട്ടും സര്‍ക്കാര്‍ നല്‍കിയത് അമ്പതിനായിരം രൂപ മാത്രം. ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ബാക്കിയുള്ള നാലര ലക്ഷം കിട്ടിയിട്ടില്ല.
ഗസറ്റിൽ പരസ്യം ചെയ്ത് മറ്റ് അവകാശികൾ ഇല്ലെന്ന് തെളിയിക്കുന്ന ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പത്തു ലക്ഷം രൂപ പൂർണമായും കിട്ടൂ. ഇതിന് രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. മകളുടെ മൃതദേഹം കാണാനെത്തിയ പരിമളത്തിന്റെ അമ്മയും ഇവിടെ വച്ച് മരിച്ചു. മൂന്ന് വർഷം മുൻപു ജോലി തേടി മലേഷ്യയിൽ പോയ മൂത്ത മകൻ മണികണ്ഠപ്രകാശിന്റെ പാസ്പോർട്ട് മോഷണം പോയതിനാൽ അമ്മയുടെ മൃതദേഹം കാണാൻ പോലും നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല. ഇളയ മകൾ ഭവാനി പ്ലസ്ടു പഠനത്തിനുശേഷം തമിഴ്നാട്ടിലെ കോളജിൽ നഴ്സിങിനു ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം പാതിവഴിയിൽ നിർത്തി. പ്രദേശത്ത് ഇപ്പോഴും കാട്ടാന ശല്യം രൂക്ഷമാണ്. മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ മകൾക്കൊരു ജോലി ലഭിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് മോഹൻ പറയുന്നു.