അടൂര്‍ : സ്വന്തം അമ്മയെ വഴിയില്‍ കണ്ടയാളെന്ന് പറഞ്ഞ് പോലീസിന് കൈമാറി മകന്‍. പിന്നിട് നടന്നത് നാടകിയ രംഗങ്ങള്‍. മിത്രപുരം ഭാഗത്ത് വഴിയരികില്‍ ഒരു വയോധികയെ കണ്ടെത്തി എന്ന സന്ദേശം പോലീസിന് ലഭിച്ചു. ഇതിനെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്ത് എത്തി. അന്വേഷണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തില്‍ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71) എന്ന വയോധികയാണ് ഇതെന്ന് കണ്ടെത്തി.
ഈ സമയം പോലീസിലേക്ക് വിളിച്ച മകന്‍ അജി കുമാര്‍ മകനാണെന്ന കാര്യം പൊലീസിനോട് മറച്ചു വച്ചു. ബിജു എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും രാത്രി അപകടകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കാന്‍ എത്തിയതാണെന്നും പൊലീസിനെ വിശ്വസിപ്പിച്ചു. പോലീസ് താല്‍ക്കാലിക സംരക്ഷണം എന്ന നിലയില്‍ അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തില്‍ എത്തിച്ചു.
ശനിയാഴ്ച അജികുമാര്‍ ജ്ഞാനസുന്ദരിയെ കാണാന്‍ അടൂര്‍ മഹാത്മയിലെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മഹാത്മ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ തന്നെയാണ് മകനെന്ന് തിരിച്ചറിയുകയും, ഇയാള്‍ അമ്മയെ ഉപേക്ഷിക്കുവാന്‍ മനഃപൂര്‍വം ഇങ്ങനെ ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു.