തിരുവനന്തപുരം : സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ ദിവസം മലയാളി സമൂഹത്തെ തന്നെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു പുറത്ത് വന്നത്. ലോക്ക്ഡൗൺ ദിവസം ഇത്രയധികം പോലീസ് സന്നാഹങ്ങൾ ഉണ്ടായിട്ട് പോലും തിരുവനന്തപുരത്ത് അമ്പലമുക്ക് ചെടികടയിൽ യുവതിയെ കൊലപ്പെടുത്തി എന്ന വാർത്തയായിരുന്നു ഞായറാഴ്ച വൈകുന്നേരത്തോടെ പുറത്ത് വന്നത്. കേരളത്തിൽ ഇത്തരത്തിൽ നിരവധി ക്രിമിനൽ കേസുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. കണക്കെടുത്താൽ പകുതിയിലധികം കേസുകളിലും പ്രതിസ്ഥാനത്ത് നിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.
ക്രമസമാധാനനിലയെപോലും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന നൂറുകണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ അന്യസംസ്ഥാന തൊഴിലാളി ശിക്ഷിക്കപ്പെട്ടത് മുതല്‍ ഇവരെ മാന്യമായി പരിഗണിക്കുന്നതിനൊപ്പം ജാഗ്രതയും നിരീക്ഷണവും വേണമെന്ന് വിദഗ്ധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാൽ ജിഷ വധത്തിനുശേഷം ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ മാത്രം കൊലപാതക കുറ്റമടക്കം രണ്ട് ഡസനോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇവരുടെ പോലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കാതെ പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കേരളത്തില്‍ അരക്കോടിയോളം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയ എല്ലാവരും തിരിച്ചെത്തിയിട്ടില്ലാത്തതിനാല്‍ നിലവില്‍ 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ടെന്ന് കണക്കാക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളില്ലെങ്കില്‍ സംസ്ഥാനം നിശ്ചലമായിത്തീരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇവരെ ചേര്‍ത്തുനിര്‍ത്തിയല്ലാതെ വികസനത്തിന്റെ പാതയില്‍ നമുക്കു മുന്നേറാനാവില്ല എന്ന വസ്തുതകൂടി കണക്കിലെടുക്കേണ്ടതുണ്ട്. 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച് 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. ഓരോ വര്‍ഷവും രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ പുതുതായി വന്നുചേരുന്നു എന്നാണ് വിവരം. 2017ല്‍ത്തന്നെ 40 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ വ്യവസായരംഗത്തും ആഭരണ നിര്‍മാണരംഗത്തും ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്.
നിര്‍മാണ, കാര്‍ഷിക രംഗങ്ങളില്‍ മലയാളികളേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലുണ്ട്. വ്യവസായം, ചെറുകിട കച്ചവടം എന്നുവേണ്ട എല്ലാ തൊഴില്‍ മേഖലയിലും പങ്കുള്ളവരാണ് അവര്‍. പല സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലുടമയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതകളും കണക്കിലെടുക്കേണ്ടതുണ്ട്. തൊഴിലുടമയുടെ വ്യവസായവും രാഷ്ട്രീയ താല്‍പര്യങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം തൊഴിലാളികളായ ഗുണ്ടാ സംഘങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. ഇത്തരം സമ്പ്രദായങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍ പ്രദേശങ്ങളിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ അന്യ സംസ്ഥാന ക്യാമ്പുകളില്‍ ബോഡോ തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എന്നാൽ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ യാതൊരു സംവിധാനവും പോലീസില്‍ ഇല്ല. കേരളത്തിലെത്തുന്ന ചില അന്യസംസ്ഥാന തൊഴിലാളികളുടെ ഗ്രീന്‍കാര്‍ഡ് വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാജ ഗ്രീന്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കുന്ന ഏജന്‍സികള്‍ വ്യാപകമാണെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേരള പോലീസ് ഒരിക്കലെങ്കിലും പരിഗണിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ചില അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളെങ്കിലും ബോഡോ തീവ്രവാദികളും മാവോയിസ്റ്റുകളും ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സങ്കേതമായി മാറുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്.
കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനും അവരുടെ രേഖകള്‍ പരിശോധിക്കാനും പോലീസില്‍ തുടര്‍ സംവിധാനം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം നുഴഞ്ഞുകയറ്റം സാധ്യമാകുന്നത്. കിഴക്കമ്പലം പെരുമ്പാവൂര്‍ പോലെ അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഈ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിക്കുകയും നിരീക്ഷണം ശക്തമാക്കുകയുമാണ് വേണ്ടത്. ഇപ്പോഴത്തെ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാൻ കരുതല്‍ ഒരുക്കേണ്ടത് പോലീസ് തന്നെയാണ്. കൂടുതല്‍ കാര്യക്ഷമമായി പോലീസ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാട്ടുകാര്‍ക്കും സ്വസ്ഥമായി ഉറങ്ങാനാവൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതും പോലീസും ഭരണ സംവിധാനങ്ങളും തന്നെയാണ്.