പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ദുരൂഹതയെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. സംസ്ഥാനത്തോട് പോലും കൂടിയാലോചിച്ചില്ലെന്നും കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനം കർണാടകയിലെ ലോബിയെ സഹായിക്കാനെന്നും കുറ്റപ്പെടുത്തിയ ശ്രീകണ്ഠൻ, നിലവിലുള്ള തീരുമാനം മലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും വിമര്‍ശിച്ചു. എല്ലാ എംപിമാരെയും അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു ഡിവിഷനെ മൂന്ന് ഡിവിഷനുകൾക്ക് കീഴെ നിർത്തുന്നത് ഒഴിവാക്കി, ഏതെങ്കിലുമൊരു ഡിവിഷന് കീഴിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാലക്കാട്, മൈസുരു, കൊങ്കൺ എന്നീ റെയിൽവേ ഡിവിഷനുകൾക്ക് കീഴിലാണ്. ഇത് മംഗളുരു റെയിൽവേ സ്റ്റേഷന്‍റെ വികസനത്തിന് വിലങ്ങ് തടിയാകുന്നുവെന്ന് ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗട്ട അടക്കം കർണാടകയിലെ വിവിധ എംപിമാരും എംഎൽഎമാരും ആരോപിക്കുന്നുണ്ട്.
മംഗളുരുവിന്‍റെ ചുമതലയിൽ നിന്ന് പാലക്കാട് ഡിവിഷനെ ഒഴിവാക്കി, മറ്റേതെങ്കിലും ഡിവിഷനുമായി കൂട്ടിച്ചേർക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് സംസ്ഥാനത്തെ മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ പ്രതികരിച്ചിരുന്നു. പാലക്കാടിന് മംഗളുരുവിലുള്ള നിയന്ത്രണം നഷ്ടമായാൽ അത് ഡിവിഷന് വലിയ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കും. സ്വതന്ത്രമായി നിലനിൽക്കുന്ന കൊങ്കൺ കോർപ്പറേഷൻ ഇപ്പോൾത്തന്നെ നഷ്ടത്തിലാണ്. ചരക്ക് നീക്കത്തിൽ നിന്നുള്ള വരുമാനം മുന്നിൽ കണ്ട് അവർ മംഗളുരുവിനെ പൂർണമായും കൊങ്കണിനൊപ്പം ചേർക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കർണാടകയിലെ ഒരു പ്രധാനസ്റ്റേഷൻ മറ്റ് സംസ്ഥാനങ്ങളിലെ ഡിവിഷനുകൾക്ക് നൽകരുതെന്ന് മൈസുരു ഡിവിഷനും ആവശ്യപ്പെടുന്നു. ഇന്ന് മംഗളുരുവിൽ ജനപ്രതിനിധികളുടെയും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ വിഷയം ചര്‍ച്ച ചെയ്തിരുന്നു.