കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചുവെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബില്‍ സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമെന്നും സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ടെന്നും തിരുവനന്തപുരം എം പി ശശി തരൂർ പ്രതികരിച്ചു. ഹൈബി ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യം മാത്രമാണ്. ഈ വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നും തരൂർ പറഞ്ഞു. ഹൈബി ഈഡനെതിരെ കെ മുരളിധരനും രൂക്ഷവിമർശനം ഉന്നയിച്ചു. പാർട്ടിയോട് ചോദിക്കാതെ ഹൈബി ബിൽ അവതരിപ്പിച്ചത് തെറ്റായിപ്പോയി. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ടാൽ എന്താവും സ്ഥിതിയെന്നും മുരളി ചോദിച്ചു.