കോട്ടയം: ഓപ്പറേഷൻ നടത്താനുള്ള സാധനങ്ങളില്ലാത്തതിനാൽ പുറത്തുനിന്ന് വാടകക്ക് എടുത്താണ് ഓപ്പറേഷൻ നടത്തിയതെന്ന് കോട്ടയം മെഡിക്കൽ കോളജിലെ രോഗിയുടെ ബന്ധു. പാവങ്ങളായതുകൊണ്ടാണ് മെഡിക്കൽ കോളജിൽ വരുന്നത്. 10-15 ദിവസം കഴിയുമ്പോൾ പറയും ഓപ്പറേഷനുള്ള സാധനങ്ങളില്ലെന്ന് പറയും. പുറത്തുനിന്ന് വലിയ തുകക്ക് സാധനങ്ങൾ വാടകക്കെടുത്ത് നൽകിയാണ് ഇപ്പോൾ ഓപ്പറേഷൻ ചെയ്തതെന്ന് മകന്റെ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ പറഞ്ഞു. കെട്ടിടം തകർന്നപ്പോൾ കാല് മുറിച്ച അച്ഛനെയും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നുവെന്ന് മറ്റൊരു രോഗിയുടെ ബന്ധുവും പറഞ്ഞു. കട്ടിലോടെ വലിച്ച് പുറേത്തക്ക് ഓടിയാണ് പല രോഗികളെയും രക്ഷപെടുത്തിയതെന്നും ഇവർ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡ് കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീണ് ഒരു സ്ത്രീ മരിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ കണ്ടെത്തിയത്. 11 മണിക്ക് അപകടം നടന്നിട്ടും 12.30നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ആളില്ലാത്ത കെട്ടിടമാണ് തകർന്നത് എന്നാണ് മന്ത്രിമാരായ വീണ ജോർജും വി.എൻ വാസവനും ആദ്യം പറഞ്ഞത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്.