പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ കാര്യക്ഷമമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത് പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലും നടക്കുന്ന കാര്യങ്ങള്‍ ജില്ലാതലത്തിലുളള കണ്‍ട്രോള്‍ റൂമില്‍ നിന്നു നേരിട്ട് നിരീക്ഷിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകമായത് ഈ ആപ്പ് വഴിയാണ്. ഈ മൊബൈല്‍ ആപ്പിനെ കേരള പോള്‍സ് എന്ന പേരില്‍ തയ്യാറാക്കിയ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചാണ് ജില്ലാതലത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജില്ലാ ഇലക്ഷന്‍ ഓഫീസര്‍, അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ലൈവായി ഇത് നിരീക്ഷിക്കാന്‍ കഴിയും വിധമായിരുന്നു സംവിധാനം. പോളിംഗ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെടുന്നത് മുതല്‍ തിരിച്ചെത്തുന്നത് വരെയുളള വിവരങ്ങള്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമായിരുന്നു. വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട സമയം, ബൂത്തില്‍ എത്തിയ സമയം എന്നിങ്ങനെ 20 ചോദ്യങ്ങള്‍ക്കുളള ഉത്തരം ഫീഡ് ചെയ്യാനുളള സംവിധാനം ആപ്പിലുണ്ട്. കൂടാതെ, വോട്ടെടുപ്പിന് തടസങ്ങള്‍ നേരിട്ടാലും ആപ്പ് മുഖേന അറിയാന്‍ കഴിഞ്ഞു.
ഓരോ മണിക്കൂര്‍ ഇടവിട്ട് എത്ര പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ വോട്ട് ചെയ്തുവെന്ന വിവരങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിഞ്ഞതും വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാനും ക്രമീകരണമുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് എത്ര പേര്‍ വരി നില്‍ക്കുന്നു, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയം, ആകെ പോള്‍ ചെയ്ത വോട്ട എന്നിവ ഓരോ ബൂത്തില്‍ നിന്നും ആപ്പില്‍ അപ്ലോഡ് ചെയ്തതു ജില്ലാതലത്തിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ എളുപ്പമായി. പ്രിസൈഡിംഗ് ഓഫിസറോ ഫസ്റ്റ് പോളിംഗ് ഓഫിസറോ ആണ് ബൂത്തുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്തത്. ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെടാന്‍ ഇടയാക്കാവുന്ന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര പരിഹാരത്തിനുള്ള സംവിധാനവും ആപ്പിലുണ്ടായിരുന്നു. എസ്ഒഎസ് ബട്ടണ്‍ ഉപയോഗിച്ചു വിവരം ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുവാനും കഴിഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ മെബൈല്‍ ആപ്ലിക്കേഷനാണ് പോള്‍ മാനേജര്‍ ആപ്പ്.