കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർട്ടിയുടെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നവർ ചുറ്റുപാടും ഉണ്ടെന്നും അതുകൊണ്ട് എല്ലാ പൊതുപ്രവർത്തകരും ജാഗ്രത പാലിക്കണമെന്നും മുരളീധരൻ പറഞ്ഞു. സാധാരണ പ്രവർത്തകരുടെ അഭിമാനമാണ് പുതിയ ഡിസിസി ഓഫീസ് കെട്ടിടം. 1992 ൽ ഇതുപോലൊരു കെട്ടിടം പണിയാൻ ആഗ്രഹിച്ച ആളാണ് താൻ. കേസ് നടക്കുന്നതിനാൽ അന്ന് ആ സ്വപ്നം നടന്നില്ല. ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ല. എത്താതിരുന്നത് അസുഖം കാരണമാണ് എന്ന് നേരത്തെ തന്നെ പറഞ്ഞതാണ്- കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേ മുരളീധരൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബിജെപി ഭീഷണി ബിജെപിയുടെ സങ്കുചിത മനഃസ്ഥിതിയാണ് പ്രകടമാക്കുന്നത്. കാലുകുത്താൻ വിടില്ല എന്നാണ് ഭീഷണി. അങ്ങനെ നോക്കിയാൽ ഒരു ബിജെപി നേതാക്കന്മാരും മര്യാദയ്ക്ക് നടക്കില്ല. ബിജെപി ഭീഷണിയിൽ വലിയ കാര്യമില്ല.18,000 ൽ പരം വോട്ടിന് തോറ്റതിന്റെ ദേഷ്യം എംഎൽഎയോട് കാണിച്ചിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ക്രൈസ്തവരോട് കേരളത്തിന് പുറത്ത് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് ബിജെപി. മുനമ്പത്ത് കേന്ദ്രമന്ത്രി വന്നതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് അവസ്ഥയിലാണ് ബിജെപി. ജബൽപൂരിൽ വൈദികനെ ആർഎസ്എസുകാർ തല്ലി. ഡൽഹിയിലെ ചർച്ചിൽ ഓശാനപ്രദക്ഷിണം കേന്ദ്രസർക്കാർ തടഞ്ഞു.
ക്രൈസ്തവരുടെ സ്വത്തിൽ കണ്ണ് വച്ചുകൊണ്ട് ഓർഗനൈസറിൽ ലേഖനം വന്നു. ആർഎസ്എസ് അജണ്ട നടപ്പായാൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് ഹിന്ദുമതത്തിലെ പിന്നോക്ക വിഭാഗം ആയിരിക്കുമെന്നും സവർണ്ണവൽക്കരണത്തിലേക്കുള്ള ചൂണ്ടുപലകയാണിതെന്നും മുരളീധരൻ ആരോപിച്ചു. ദിവ്യ എസ്. അയ്യർ വിമർശനം നേരിട്ട സംഭവത്തിൽ മുഖ്യമന്ത്രി സ്ത്രീത്വത്തെക്കുറിച്ച് കൂടുതൽ വാചാലനായതായും മുരളീധരൻ പറഞ്ഞു. 51 വെട്ടേറ്റ് കൊല്ലപ്പെട്ട് ടി.പി. മരിച്ചു മരിച്ചുകിടക്കുന്നത് കാണേണ്ടിവന്ന അമ്മയും ഒരു സ്ത്രീയാണ്. വിധവയാക്കപ്പെട്ട കെ.കെ. രമയും ഒരു സ്ത്രീയാണ്. അങ്ങനെയുള്ള സ്ത്രീത്വത്തോട് ബഹുമാനം കാണിക്കാത്തവർ സ്വന്തം പാദസേവകരെ അനുഗ്രഹിക്കുന്നതിനോട് യോജിക്കില്ല, മുരളീധരൻ പ്രതികരിച്ചു.
തന്റെ മനഃസ്ഥിതിയെക്കുറിച്ച് കെ.കെ.രാഗേഷ് മാർക്കിടേണ്ടതില്ലെന്നും പിണറായിയുടെയും രാഗേഷിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സ്ത്രീയായാലും പുരുഷനായാലും പറയേണ്ടത് ഇനിയും പറയുമെന്നും സിവിൽ സർവീസ് ചട്ടം ആര് ലംഘിച്ചാലും അതിനെ പിന്തുണയ്ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. നിലമ്പൂർ തിരഞ്ഞെടുപ്പിനെ കുറിച്ചും മുരളീധരൻ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നണി മുന്നോട്ട് നീങ്ങുമെന്ന് പറഞ്ഞ മരളീധരൻ . ഇ.ഡിയെ തങ്ങൾക്ക് ഭയമില്ലെന്ന് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇ.ഡി. അന്വേഷണത്തെ കുറിച്ചും പ്രതികരിച്ചു. ഇ.ഡി. കേന്ദ്ര വിലാസം സംഘടനയാണ്.
ഇ.ഡി.കാര്യമായി പെരുമാറാത്ത ബി.ജെ.പി. ഇതര സംസ്ഥാനം കേരളം മാത്രമാണ്, പകുതി ബിജെപിയും പകുതി സിപിഐഎമ്മും ആയ അർധനാരീശ്വരനാണ് പിണറായി. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനത്തും ഇ.ഡി മുഖ്യമന്ത്രിമാരെ ഉപദ്രവിക്കുന്നത് അതുകൊണ്ടാണെന്നും മുരളീധരൻ പരിഹസിച്ചു. രാഹുൽ ഗാന്ധിയുടെ ഇമേജ് തകർക്കാൻ ഒരു ഇ.ഡിയും വളർന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.