ദില്ലി : ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല് രാജ്യ സഭയിൽ ചർച്ച ചെയ്തു. സിപിഐഎം രാജ്യസഭാ അംഗം ഡോ.വി ശിവദാസൻ ആണ് ബിൽ അവതരിപ്പിച്ചത്. ചർച്ചയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ശിവദാസൻ എംപി രൂക്ഷമായി വിമർശിച്ചു. ബില്ലിനെ സിപിഐ എംപി പി.സന്തോഷ് കുമാർ പിന്തുണച്ചില്ല. ഗവർണർ 360 ആം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തിരാവസ്ഥക്കു ശുപാർശ നൽകാൻ തീരുമാനിച്ചാൽ അത് തീക്കളിയാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാനുള്ള അധികാരം, ഗവർണറെ എംഎൽമാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം തുടങ്ങിയ ഭേദഗതികളാണ് ബില്ലിൽ അടങ്ങിയിട്ടുള്ളത്. ബിൽ അവതരിപ്പിച്ച ഗവർണർമാർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ശിവദാസൻ എംപി ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ ആയുധമായി മാറുകയാണ് ഗവർണർമാർ. ഗവർണർമാർ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും ശിവദാസൻ എംപി ആരോപിച്ചു. കേരള ഗവർണറെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.