പാലക്കാട് : വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ തിരിച്ചുവരവില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിലപാട് മനുഷ്യത്വ രഹിതമാണെന്ന് മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് മലയാളികളെ അതിര്‍ത്തിയില്‍ തടയുന്നത് വെച്ചു പൊറുപ്പിക്കാനാവില്ല. മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് കളക്ട്രേറ്റിന് മുന്നില്‍ നടന്ന മുസ്ലീം ലീഗ് ഉപവാസ സമരം വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നര മാസത്തിലേറെയായി തൊഴില്‍ നഷ്ടപ്പെട്ടവരും ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേർ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. പലര്‍ക്കും ഭക്ഷണത്തിന് പോലും ഗതിയില്ല. ഈ സാഹചര്യത്തില്‍ ലഭിച്ച പാസിന്റെ കലാവധി കഴിയും മുമ്പ് നാട്ടിലേക്ക് മടങ്ങുന്നവരെയാണ് അതിര്‍ത്തിയില്‍ സര്‍ക്കാര്‍ തടയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാസ് ലഭിച്ച് സ്വന്തം സംസ്ഥാനത്തെത്തുമ്പോള്‍ പാസ് ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരികയാണ്.
രണ്ടു ദിവസങ്ങളിലായി അതിര്‍ത്തികളില്‍ കണ്ടുകൊണ്ടിരിക്കുന്നത് വേദനാജനകമായ അന്തരീക്ഷമാണ്. മറ്റു സംസ്ഥാനങ്ങള്‍ അവരുടെ പൗരന്മാരെ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തി നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ മലയാളികളെ അതിര്‍ത്തിയില്‍ സാങ്കേതികത്വം പറഞ്ഞ് ആട്ടിയോടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടു തന്നെ മുഴുവന്‍ മലയാളികളെയും നാട്ടിലെത്തിക്കാനും നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തി കൊട്ടിയടക്കുന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. പാസ് കൊടുക്കുന്ന കാര്യത്തിലും പരിശോധനയിലും ക്വാറന്‍റൈന്‍ നടപടികളിലുമെല്ലാം സര്‍ക്കാരിന് ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മലയാളികളെയും കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ജനദ്രോഹ നടപടി തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.