ദില്ലി: കൊവിഡ് രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളിയാകാമെന്ന് എയിംസ് ഡയറക്ടറും, കൊവിഡ് ദൗത്യസംഘാംഗവുമായ ഡോ.രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. അടുത്ത വർഷം പകുതിയോടെ മാത്രമേ കാര്യങ്ങൾ സാധാരണ നിലയിലെത്തൂ എന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
ഇന്നും രാജ്യത്ത് രണ്ടരലക്ഷത്തിലേറെ പുതിയ രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1761 പേർ മരിച്ചു. ഇതേടെ ആകെ മരണസംഖ്യ 180530 ആയി.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 13108582 പേർ രോഗമുക്തരായി.
അതേസമയം, ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതകവ്യതിയാനം വന്ന കൊവിഡ് വൈറസ് കടുത്ത ആശങ്കയാകുകയാണ്. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ. B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകൾ നടന്നു വരികയാണ്.
ഇന്ത്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് എന്നതിനാൽ ഇവിടെ നിന്ന് മറ്റ് വിവിധ രാജ്യങ്ങളിലേക്ക് യാത്രാനിരോധനം വരുമോ എന്ന ആശങ്കയിലാണ് രാജ്യം. ഗൾഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാൽ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും.