ദുബായ് : എമിറേറ്റിലെ ഏറ്റവും പ്രധാനറോഡായ ശൈഖ് സായിദ് റോഡ് മേഖല ഇനിമുതൽ ബുർജ് ഖലീഫ എന്നറിയപ്പെടും. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റാണ് പുതിയതും പഴയതുമായ 28 സുപ്രധാന സ്ഥലങ്ങളുടെ പേരുമാറ്റം പ്രഖ്യാപിച്ചത്. താമസകേന്ദ്രങ്ങളും ഓഫീസുകളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങളുള്ള പ്രദേശമാണിത്. ഡൗൺടൗൺ, ബിസിനസ് ബേ, ജെ.എൽ.ടി., ദുബായ് മറീന എന്നിവയടക്കം പ്രധാനഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ പ്രശസ്തമാണ്.
സ്വദേശികൾക്ക് വീടുകൾ നിർമിക്കുന്ന പ്രദേശത്തിന് മദീനത് ലത്തീഫ എന്ന പേര് നൽകും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാതാവ് ശൈഖ ലത്തീഫ ബിൻത് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ പേരാണ് പ്രദേശത്തിന് നൽകിയിരിക്കുന്നത്. ഇവിടെ പൗരൻമാർക്ക് 3,500 പ്ലോട്ടുകളും 2,300 താമസയോഗ്യമായ വീടുകളുമാണ് അനുവദിച്ചിട്ടുള്ളത്. പേരുമാറ്റം പ്രഖ്യാപിച്ചെങ്കിൽ എപ്പോഴാണ് നടപ്പാവുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.