ദില്ലി : യഥാര്‍ഥ കോവിഡ് വൈറസിനേക്കാൾ ഭയപ്പാടോടെയാണ് ലോകം കൊറോണ വൈറസിന്റെ വകഭേദങ്ങളെ കാണുന്നത്. ഇവയില്‍ തന്നെ പ്രധാനപ്പെട്ടത് യുകെയില്‍ ആദ്യം കണ്ടെത്തിയ B.1.1.7 വകഭേദമാണ്. എന്നാല്‍ സാര്‍സ് കോവ്-2 വൈറസിന്റെ യുകെ വകഭേദം രോഗതീവ്രതയോ മരണനിരക്കോ വര്‍ധിപ്പിക്കുന്നില്ലെന്ന് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ രോഗികളില്‍ ഉയര്‍ന്ന വൈറസ് ലോഡ് സൃഷ്ടിക്കുന്ന ഈ വകഭേദം കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കുമെന്ന് പഠനം പറയുന്നു.
ലണ്ടനിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം ലാന്‍സെറ്റ് ഇന്‍ഫെക്‌ഷ്യസ് ഡിസീസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. യുകെ വകഭേദം രോഗലക്ഷണങ്ങള്‍ വഷളാക്കുകയോ, ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ ഒരു രോഗി എത്ര പേരിലേക്ക് രോഗം പരത്തുമെന്ന് സൂചിപ്പിക്കുന്ന R നമ്പര്‍ വര്‍ധിപ്പിക്കാന്‍ ഈ വകഭേദത്തിന് സാധിക്കും. സെപ്റ്റംബര്‍ 2020 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. രോഗബാധിതര്‍ക്ക് കൈവരുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ B.1.1.7 വകഭേദത്തിന് സാധിക്കില്ലെന്ന് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ഈ വകഭേദം ലോക്ഡൗണ്‍ നടപടികളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും പഠനം പറയുന്നു.