റാന്നി: ഐത്തല കുടിവെള്ള പദ്ധതി നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. റാന്നിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ കാര്യം പറഞ്ഞത്. ജല്‍ ജീവൻ മിഷൻ പദ്ധതി പ്രകാരം ഐത്തല ഭാഗത്ത് പൂർണമായും ഉന്നത നിലവാരത്തിൽ ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കും. റാന്നി മേജർ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ഇത്തരത്തിലുള്ള കുടിവെള്ളം ഇവിടെ എത്തിക്കുക. ഇതിനായി മേജർ കുടിവെള്ള പദ്ധതിയുടെ കപ്പാസിറ്റി 2.5 എം എൽ ഡി ആയി വർദ്ധിപ്പിക്കും.
വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ലഭ്യത ഉറപ്പാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എംഎൽഎ കർശന നിർദേശം നൽകി. ഉദ്യോഗസ്ഥർക്ക് പഞ്ചായത്തിൻറെ ചുമതലകൾ നൽകി ലഭിക്കുന്ന പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വേനലിന്റെ രൂക്ഷതയ്ക്കനുസരിച്ച് വാൽവ് ഓപ്പറേറ്റർമാരെ പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിക്കും. സൂപ്രണ്ട് എൻജിനീയർ ഹരികൃഷ്ണൻ എക്സിക്യൂട്ടീവ് എൻജിനീയർമാരായ മുഹമ്മദ് റാഷിദ്, കാർത്തിക, രേഖ, അസിസ്റ്റന്റ് എക്സി എൻജിനീയർമാരായ ആർ ബാബുരാജ്, നെൽസൺ, സതി എന്നിവർ പങ്കെടുത്തു.