കുറ്റിപ്പുറം : ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപെടുത്താനായി ഭാരതപ്പുഴയിലിറങ്ങിയ യുവാവിനെ കാണാതായി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(24)നെയാണ് കാണാതായത്.
പേരശ്ശനൂർ പിഷാരിക്കാവ് ക്ഷേത്രത്തിനു സമീപത്തെ കടവിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സഹോദരൻ സാബിത്ത്, ബന്ധുവായ ഷാഹുൽഹമീദ് എന്നിവരോടൊപ്പമാണ് സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട സാബിത്തിനെയും ഷാഹുൽ ഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് കയത്തിലെ ഒഴുക്കിൽപ്പെട്ടത്. ഇരുവരും കയത്തിൽനിന്ന് രക്ഷപെട്ടെങ്കിലും സഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
കുറ്റിപ്പുറം പോലീസും തിരൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സഹദിനെ കണ്ടെത്താനായില്ല. രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു. വളാഞ്ചേരി എച്ച്.ഡി.എഫ്.സി. ബാങ്കിലെ ഉദ്യോഗസ്ഥനാണ് സഹദ്.