പാലക്കാട്: പാലക്കാട് വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. പട്ടാമ്പി കുളപ്പുള്ളി റോഡിലെ ഷൊര്‍ണൂര്‍ സെക്കന്റ് ഓഫീസിന്റെ മുന്നിലെ വില്ലേജ് ഓഫീസില്‍ ആണ് കള്ളന്‍ കയറിയത്. ഗ്രില്ലിലെ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ വില്ലേജ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് വില്ലേജ് ഓഫീസ് തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
വില്ലേജ് ഓഫീസ് തുറന്നതിന് ശേഷമേ ഓഫീസില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നറിയാന്‍ കഴിയു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ നിരവധി മോഷണ കേസുകളാണ് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിലായി. പാലക്കാട് തരൂര്‍ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.