ഹൈദരാബാദ് : കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെതിരെ പരിഹാസ വിമര്‍ശനവുമായി തെലങ്കാന പി.സി.സി പ്രസിഡന്‍റ് എ.രേവന്ത് റെഡ്ഡി. ഹൈദരാബാദ് സന്ദര്‍ശനത്തിന്റെ ഭാഗമായി തെലങ്കാന ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ പ്രശംസിച്ചതിനായിരുന്നു വിമര്‍ശനം. തരൂരിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് റെഡ്ഡിക്ക് അറിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിമര്‍ശനം. തരൂരിനെ ഒരു കഴുതയെന്ന് വിശേഷിപ്പിച്ച റെഡ്ഡി, അദ്ദേഹത്തെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിമര്‍ശിച്ചു.
“തരൂരും രാമ റാവുവും ഒരേപോലെയാണ്. “അവരുടെ ഇംഗ്ലീഷിലെ പ്രാവീണ്യം അര്‍ഥമാക്കുന്നത് അവര്‍ അറിവുള്ളവരാണെന്നല്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. “ശശി തരൂര്‍ ഒരു കഴുതയാണ്. അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നു. തരൂര്‍ പാര്‍ട്ടിക്ക് ഒരു ബാധ്യതയാണെന്ന് വീണ്ടും തെളിയിക്കുന്നു -” റെഡ്ഡി കൂട്ടിച്ചേര്‍ത്തു .
‘ഐ.ടി മന്ത്രിയെ പ്രശംസിക്കുന്നവര്‍ സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയണം. ആ കഴുതയെ കൂടി ട്വീറ്റില്‍ ടാഗ് ചെയ്യണം. രണ്ടുപേര്‍ ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ടുമാത്രം ഇവിടെ ഒരു മാറ്റവും നടക്കില്ല’ -സൈദാബാദ് ബലാത്സംഗവുമായി ബന്ധപ്പെട്ട രാമറാവുവിന്‍റെ ട്വീറ്റിന് റെഡ്ഡി തിരിച്ചടിച്ചു .