പാലക്കാട് : തേങ്കുറുശിയിലെ അനീഷിന്‍റെ കൊലപാതകത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ. അനീഷിന്‍റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അനീഷിന്റെ ഭാര്യ ഹരിത, അച്ഛൻ ആറുമുഖൻ, അമ്മ രാധ എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു.
സംഭവത്തിൽ പോലീസ് ശക്തമായി ഇടപെട്ടിട്ടുണ്ട്. നിലവിൽ പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ജില്ലാ പോലീസ് മേധാവിയുമായി വിശദമായി സംസാരിച്ചു. ഏതെങ്കിലും രീതിയിൽ പോലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും.
നിലവിൽ അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് മനസിലാക്കുന്നത്. മുമ്പും ഇവർ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം കെ ഡി പ്രസേനൻ എംഎൽഎ, സിപിഐ എം കുഴൽമന്ദം ഏരിയ സെക്രട്ടറി എസ് അബ്ദുൾ റഹ്മാൻ എന്നിവരുമുണ്ടായി.