ആലപ്പുഴ: ഇന്ത്യമുന്നണി മികച്ചവിജയം നേടിയെങ്കിലും സർക്കാർ രൂപവത്‍കരിക്കുന്നതിൽ തിടുക്കപ്പെട്ടു തീരുമാനമെടുക്കില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ടി.ഡി.പി. ഉൾപ്പെടെയുള്ളവരുമായി ചർച്ച നടക്കുമോയെന്നത് കാത്തിരുന്ന് കാണൂവെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. കോൺഗ്രസിന്റെ പണം വിവിധ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി. സർക്കാർ തടഞ്ഞുവെച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി. കുറെപ്പേർ ഭീഷണിക്കുവഴങ്ങി ബി.ജെ.പി.യിലേക്കു പോയി.
രാഹുൽഗാന്ധിയെ കടന്നാക്രമിച്ചു. എല്ലാ ഹീനമായ ആക്രമണങ്ങളെയും നേരിട്ട രാഹുൽഗാന്ധി കന്യാകുമാരി മുതൽ കശ്‌മീർ വരെ നടന്നു. അത് ഐതിഹാസികമായി. മുഖ്യധാര ദേശീയമാധ്യമങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഒരേയൊരുപക്ഷത്താണു നിന്നത്. നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തെക്കുറിച്ച് ചർച്ചയുണ്ടായില്ല. അക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകാൻപോലും തിരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറായില്ലെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.