അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മൃതദേഹവുമായി ബന്ധുക്കള്‍ 170 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇതു മൂലം മരണത്തിന്റെ മൂന്നാം ദിവസമാണ് പലപ്പോഴും സംസ്‌കരിക്കാന്‍ കഴിയുക. ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒരു പോലീസ് സര്‍ജന്‍ മാത്രമാണുള്ളത്. അവശ്യ ഘട്ടത്തില്‍ അന്വേഷിക്കുമ്പോഴെല്ലാം ഇദ്ദേഹം അവധിയിലാണെന്നാണ് ലഭിക്കുന്ന മറുപടി.
കൂടാതെ ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്ന പരാതിയും ശക്തമാണ്. രണ്ടു താലൂക്കുകളിലായി 20 തില്‍ അധികം പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ജില്ലയില്‍ എറ്റവുമധികം ആദിവാസികള്‍ ചികിത്സയ്ക്ക് എത്തുന്ന സ്ഥലവും ഇതാണ്. ആശുപത്രി കണക്ക് പ്രകാരം മുമ്പ് പ്രതിദിനം ആയിരത്തിനടുത്ത് രോഗികളായിരുന്നു ചികിത്സയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. കിടത്തി ചികിത്സയ്ക്കായി 80 കിലോമീറ്ററ്‍ സഞ്ചരിച്ച് മറയൂരില്‍ നിന്നും വട്ടവടയില്‍ നിന്നുമെത്തുന്നവര്‍ പോലും നിരാശരായി മടങ്ങുകയാണ്. പല സ്പെഷ്യാലിറ്റി വിഭാഗത്തിലും ഡോക്ടര്‍മാരില്ല.
മൊത്തം 25 ഡോക്ടര്‍മാര്‍ വേണ്ടിടത്തുള്ളത് 10 പേര്‍ മാത്രമാണുള്ളത്. ഗൈനക്കോളജിയിലും അസ്ഥിരോഗ വിഭാഗത്തിലും മാത്രമാണ് സ്ഥിരം ഡോക്ടര്‍മാരുള്ളത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലുമുണ്ടാക്കുന്നത്.