കോട്ടയം: വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ. മൂന്ന് അന്താരാഷ്ട്ര ഘടകങ്ങളാണ് വിപണിയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നത്. വ്യാപാരയുദ്ധത്തിന് ആക്കംകൂട്ടിയ പകരച്ചുങ്ക വിഷയത്തിൽ ചൈനയും അമേരിക്കയും സമവായത്തിൽ എത്തിയതാണ് പ്രധാനം. വില ഉയർത്താനും കൃഷിക്കാരെ സഹായിക്കാനുമായി തായ്‌ലന്റ് ഒരു മാസത്തേക്ക് ടാപ്പിങ് റദ്ദാക്കിയതാണ് രണ്ടാമത്തെ സ്വാധീനം. മറ്റ് രാജ്യങ്ങളിലും റബ്ബർ ഉത്പാദനം കാര്യമായി കുറഞ്ഞതാണ് മൂന്നാമത്തെ ഘടകം. ആഗോളവിപണിയിൽ റബ്ബർ കുറയുകയും ആവശ്യം കൂടുകയും ചെയ്യുന്നത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള വിപണിയിലെത്തുന്ന 40 ശതമാനം റബ്ബർ ചൈനയാണ് വാങ്ങുന്നത്. അമേരിക്കൻ നയവ്യതിയാനം കാരണം അവർ അസംസ്കൃത വസ്തുക്കളുടെ വാങ്ങൽ കുറച്ചിരുന്നു. ഈ സ്ഥിതിക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷ.
ആഗോള വിപണിയിൽ തായ്‌ലന്റ് എത്തിക്കുന്നത് പ്രതിവർഷം 40 ലക്ഷം ടണ്ണാണ്. ഇത് കുറയുന്നതോടെ ചൈനീസ് കമ്പനികൾ എവിടെനിന്ന് ചരക്കെടുക്കും എന്നതിൽ തീരുമാനമായിട്ടില്ല. വിളവെടുപ്പ് പുനരാരംഭിക്കാനും ശക്തിപ്പെടുത്താനും ഉത്പാദക രാജ്യങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടാകും. അന്താരാഷ്ട്ര വിപണിയിൽ ആർഎസ്എസ് മൂന്ന് ഗ്രേഡ് റബ്ബറിന് 208 രൂപയാണ് വില. മൂന്ന് മാസമായി വില താഴുന്നുമില്ല. ഇന്ത്യൻ വിപണിയിൽ ബോർഡ് പ്രഖ്യാപിച്ച വില ആർഎസ്എസ് നാലിന് 196 രൂപയാണ്. വ്യാപാരി വില 188 രൂപയും.മഴമറ ഇട്ട് ടാപ്പ് ചെയ്യുന്നത് ഗുണകരമാകുമെന്ന് ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മ ജനറൽസെക്രട്ടറി ബാബുജോസഫ് പറഞ്ഞു. വിപണി നോക്കി വിൽപ്പന നടത്തുകയും വേണം. തായ്‌ലന്റിനെ ഇക്കാര്യത്തിൽ മാതൃകയാക്കാം -അദ്ദേഹം പറയുന്നു. മഴമറയ്ക്ക് ബോർഡ് ഹെക്ടറിന് 4000 രൂപ സബ്ബ്സിഡി നൽകുന്നുണ്ട്.