കൊല്‍ക്കത്ത: വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളുടെ അടിയേറ്റ് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. സുഭിയ ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അലി ഹുസൈന്‍ മൊല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. മോഷണ സംഘത്തിന്റെ തലവന്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
പതിനാലുപേരടങ്ങുന്ന മോഷണ സംഘമാണ് അലി ഹുസൈന്റെ വീട്ടിലെത്തിയത്. പണവും സ്വര്‍ണവും ഉള്‍പ്പടെ വിലപിടിപ്പുളള വസ്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ അലിയും ഭാര്യയും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. അതോടെ മോഷ്ടാക്കള്‍ ഇരുവരുടെയും നേരേ തിരിഞ്ഞു. ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ബഹളംകേട്ട് അയല്‍വാസി എത്തി. അയാളെയും മോഷ്ടാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
കൂടുതല്‍ അയല്‍വാസികള്‍ സ്ഥലത്തെത്തിയതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. നാട്ടുകാരാണ് അലിയെയും ഭാര്യ സുഭിയയെ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, സുഭിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശേഷിക്കുന്ന മോഷ്ടാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.