26 C
Pathanāmthitta
Sunday, May 1, 2022 6:45 am

കാട് അറിഞ്ഞവർക്കൊപ്പം കാട് കയറണം ; ട്രെക്കിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് കാട് കയറിയുള്ള യാത്രകളാണ്. എന്നാൽ കാടിന്റെ ഹൃദയമറിയാനുള്ള ട്രെക്കിങ് യാത്രകൾ ഏറെ സാഹസികവും അപകടം പിടിച്ചതുമാണ്. കാടിനെ നന്നായി അറിയുന്നവരെ ഒപ്പം കൂട്ടാതെ ട്രെക്കിങ് നടത്താനിറങ്ങുന്നവർ പലപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നതും കാട്ടിനുള്ളിൽ വഴി തെറ്റുന്നതും പതിവാണ്. ഇതേക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടും പലരും അവഗണിക്കുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. പരിചയ സമ്പന്നനായ, പരിശീലനം ലഭിച്ച ഗൈഡിന്റെ കൂടെ മാത്രമേ ട്രെക്കിങ് നടത്താവൂ, ട്രെക്കിങ്ങിന് വനംവകുപ്പിന്റെ അനുമതി മുൻകൂട്ടി വാങ്ങണം തുടങ്ങിയവ വനം വകുപ്പിന്റെ നിർദേശങ്ങളാണ്. എന്നാൽ ഇതിനെയെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് പലരും കാട് കയറുന്നത്.

മാത്രമല്ല സാഹസിക യാത്ര നടത്തുന്നവർ ഏത് പ്രതികൂല സാഹചര്യവും നേരിടാൻ കൈയിൽ കരുതേണ്ട ചില വസ്തുക്കളുണ്ട്.
ഐഡന്റിറ്റി കാർഡ്, ബാക്ക്പാക്ക്, റെയിൻ കവർ, ഡേ പാക്ക്, റെയിൻ കവർ, ഒരു ലിറ്ററിന്റെ പെറ്റ് വാട്ടർ ബോട്ടിൽ അല്ലെങ്കിൽ ഹൈഡ്രേഷൻ പാക്ക്, ട്രെക്കിംഗ് ഷൂസ്, എൽഇഡി ടോർച്ച്/ ഹെഡ് ലാമ്പ് , റെയിൽ കോട്ട്, പെട്ടെന്ന് ഉണങ്ങുന്ന തരത്തിലുള്ള രണ്ട് ടീഷർട്ടുകളും, പാന്റ്‌സും ജാക്കറ്റ്, സൺ ക്യാപ്പ്, തൂവാല, ഗ്ലൂക്കോസ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റുകൾ, എനർജി ബാർ, മിഠായികൾ, ഉണങ്ങിയ പഴങ്ങൾ, നട്ട്‌സ്, ഫസ്റ്റ് എയ്ഡ് കിറ്റ്, സ്ഥിരം കഴിക്കുന്ന മരുന്നുകൾ , ആന്റിഫംഗൽ ക്രീം, പവർ ബാങ്ക് ഇതിൽ മൊബൈൽ ഫോൺ, വെള്ളം, ഡ്രൈ ഫ്രൂട്ട്‌സ്, എനർജി ബാർ, ബിസ്‌ക്കറ്റുകൾ പോലുള്ളവ അരയോട് ചേർത്ത് ശരീരത്തിനൊപ്പം തന്നെ നിൽക്കുന്ന വെയിസ്റ്റ് ബാഗിലോ മറ്റോ സൂക്ഷിക്കുന്നതാണ് നല്ലത്. ബാഗോ മറ്റോ നഷ്ടപ്പെട്ടാലും ജീവൻ നിലനിർത്താനും സഹായം അഭ്യർത്ഥിക്കാനും ഇതിലൂടെ സാധിക്കും.

വനം വകുപ്പിന്റെ മറ്റ് നിർദേശങ്ങൾ –
ട്രെക്കിങ് നടത്തുന്ന സ്‌ഥലത്തെപ്പറ്റി വിശദമായ വിവരങ്ങളും മുന്നറിയിപ്പുകളും ഗൈഡിൽ നിന്നു മനസ്സിലാക്കണം. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് അത്യാവശ്യം വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഗൈഡിന്റെ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. വനംവകുപ്പ് നിശ്‌ചയിച്ചിട്ടുള്ള നിശ്‌ചിത പാത വിട്ട് ട്രെക്കിങ് നടത്തരുത്. സഞ്ചാരികൾക്കുള്ള ഇൻഷുറൻസ് എടുക്കാം. വനം വകുപ്പ് പലയിടത്തും ഇതിനു സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ശബ്‌ദമുണ്ടാക്കി വനത്തിലൂടെ ട്രെക്കിങ് നടത്തരുത്. ശബ്‌ദമുണ്ടാക്കിയാൽ മൃഗങ്ങളുടെ സാന്നിധ്യം അറിയാൻ കഴിയില്ല. ട്രെക്കിങ് നടത്തുന്ന മേഖലകളിൽ അടുത്ത ദിവസങ്ങളിലൊന്നും വന്യമൃഗ ശല്യമുണ്ടായിരുന്നില്ലെന്ന് ഉറപ്പു വരുത്തണം.

ദിശ കണ്ടെത്താനുള്ള ഉപകരണങ്ങൾ ഗൈഡും ട്രെക്കിങ് നടത്തുന്നവരും കയ്യിൽ കരുതണം. കുടിക്കാനുള്ള വെള്ളം, അത്യാവശ്യം വേണ്ട ആഹാരം എന്നിവ കൈവശമുണ്ടാകണം. സൂര്യൻ ഉദിച്ച ശേഷവും അസ്‌തമിക്കുന്നതിനു മുൻപും മാത്രമേ ട്രെക്കിങ് നടത്താവൂ. രാത്രിയിലെ ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ട്രെക്കിങ്ങിനെത്തുന്നവരെ ഗൈഡ് ബോധ്യപ്പെടുത്തണം. പ്ലാസ്‌റ്റിക് മാലിന്യങ്ങളൊന്നും വനത്തിൽ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വേനൽക്കാലത്തെ ട്രെക്കിങ് പരമാവധി ഒഴിവാക്കണം. തീപിടിക്കുന്ന വസ്തുക്കളുമായി വനത്തിനുള്ളിൽ പ്രവേശിക്കരുത്. ട്രെക്കിങ് നടത്തുന്നവർ വനത്തിനുള്ളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും വനം വകുപ്പ് നൽകുന്നു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular