പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാല്‍ ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നട്സും മത്സ്യവുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്…
പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചീര വര്‍ഗങ്ങള്‍, കാബേജ് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച്ച മങ്ങലടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മൂന്ന്…
ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
നാല്…
മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകള്‍ തെരഞ്ഞെടുത്ത് കഴിക്കാം.
അഞ്ച്….
വെള്ളം ധാരാളം കുടിക്കാം. കണ്ണിന്‍റെ ആരോഗ്യത്തിന് അത് വളരെ പ്രധാനമാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
ആറ്…
മുട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് ഇവ നല്ലതാണ്.
ഏഴ്…
കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും.