അങ്ങാടിപ്പുറം : 11 ദിവസം നീളുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന് പുറപ്പാടെഴുന്നള്ളത്തോടെ തുടക്കമായി. ആദ്യദിവസത്തെ രണ്ട് എഴുന്നള്ളത്തിനും ഭക്തരുടെ വലിയ തിരക്കനുഭവപ്പെട്ടു. 2020 ലും 2021ലും ഭക്തരുടെ സാന്നിധ്യമില്ലാതെ നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടത്തിയത് എന്നതിനാല്‍ ഇത്തവണ കാത്തിരിപ്പിനൊടുവില്‍ എത്തിയ പൂരമെന്ന സവിശേഷത കൂടിയുണ്ടായിരുന്നു.
രാവിലെ പത്തിനും രാത്രി 8.30നും വടക്കേ നടയിറങ്ങി നടന്ന ആറാട്ടെഴുന്നള്ളത്തിന് നിരവധി ഭക്തര്‍ സാക്ഷികളായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജൂനിയര്‍ മാധവന്, ജൂനിയര്‍ വിഷ്ണു, ഗോപീകൃഷ്ണന് എന്നീ ഗജവീരന്മാര് അണിനിരന്നു. ഭഗവതിയുടെ തിടമ്പേറ്റിയത് ജൂനിയര്‍ മാധവനാണ്. കോമരങ്ങളായ എടപ്പറ്റ ഗോവിന്ദന് നായര്‍, മകന് ഗോവിന്ദന്‍കുട്ടി, എരവിമംഗലം ശ്രീധരന്, കാപ്പ് നാരായണന്‍കുട്ടി എന്നിവരും എഴുന്നള്ളത്തിന് അകമ്ബടിയായി. ദേവസ്വം മാനേജര്‍ സി.സി. ദിനേശ്, അസിസ്റ്റന്റ് മാനേജര്‍ എ.എം. ശിവപ്രസാദ്, കാവുട നായര്‍ കേശവന്‍കുട്ടി മേനോന്, അടികള്‍, ക്ഷേത്ര ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എഴുന്നള്ളത്ത്. തന്ത്രി പന്തലക്കോടത്ത് നാരായണന് മ്ബൂതിരിയുടെ നേതൃത്വത്തിലായിരുന്നു പുറപ്പാട് പൂജ.
പൂരം പുറപ്പാട് ചടങ്ങുകള്‍ രാവിലെ എട്ടിന് നങ്ങ്യാര്‍കൂത്തോടെയാണ് ആരംഭിച്ചത്. കൂത്തുപുറപ്പാടും പന്തീരടിപൂജക്കും ശേഷമാണ് ആദ്യ ആറാട്ടിനുള്ള എഴുന്നള്ളത്ത് നടന്നത്. 11ന് കൊട്ടിക്കയറ്റത്തില്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ പ്രമാണത്തില്‍ പഞ്ചാരിമേളവും തുടര്‍ന്ന് ഉച്ചപൂജയും ശ്രീഭൂതബലിയും നടന്നു. വൈകീട്ട് നാലിന് ക്ഷേത്രാങ്കണത്തില്‍ നടന്ന നാദസ്വരം, പാഠകം, ഏഴിന് പോരൂര്‍ ഉണ്ണികൃഷ്ണനും കല്ലൂര്‍ ഉണ്ണികൃഷ്ണനും ചേര്‍ന്നൊരുക്കിയ ഡബിള്‍ തായമ്ബക എന്നിവ ആസ്വദിക്കാനും മേളപ്രേമികളുടെ വലിയ തിരക്കനുഭവപ്പെട്ടു. രാത്രി 9.30ന് കൊട്ടിയിറക്കത്തില് ആറാട്ടുകടവില്‍ അങ്ങാടിപ്പുറം ഇന്ദ്രജിത്ത് ദേവന്റെ തായമ്പകയും കൊട്ടിക്കയറ്റത്തില്‍ നടന്ന പാണ്ടിമേളവും ശ്രദ്ധേയമായി. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി, കളമ്പാട്ട് എന്നിവയോടെ പൂരം ഒന്നാം നാള് സമാപിച്ചു.
തിരുമാന്ധാകുന്നില് ഇന്ന്
രാവിലെ 8.00 നങ്ങ്യാര്‍കൂത്ത്
8.30 പന്തീരടിപൂജ
9.30 കൊട്ടിയിറക്കം
(മൂന്നാം ആറാട്ട്)
3.00 ചാക്യാര്‍കൂത്ത്
വൈകീട്ട് 4.00 ഓട്ടന്തുള്ളല്
5.00 നാദസ്വരം, പാഠകം
5.30 എറണാകുളം രസിക അവതരിപ്പിക്കുന്ന സംഗീത സമന്വയം
രാത്രി 8.30 തായമ്ബക, കേളി,
കൊമ്ബ് പറ്റ്
9.30 കൊട്ടിയറക്കം