റാന്നി : ശരണാരവങ്ങളുടെ ഭക്തി പ്രകർഷത്തിൽ തിരുവാഭരണവും വഹിച്ച ഘോഷയാത്ര ഇന്നലെ വൈകിട്ടോടെ അയ്യന്റെ മണ്ണിലെത്തി. അയിരൂർ പുതിയ കാവ് ദേവീക്ഷേത്രത്തിൽ ഇന്നലെ വിശ്രമിച്ച ഘോഷയാത്ര ഇന്നു പുലർച്ചെ അവിടെ നിന്നു പുറപ്പെട്ടു. മകരസംക്രമപൂജയ്ക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണവും വഹിച്ച ഘോഷയാത്ര ഇന്നലെ ഉച്ചയോടെയാണ് പന്തളത്തു നിന്നു പുറപ്പെട്ടത്. ചെറുകോൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഘോഷയാത്ര എത്തിയതോടെയാണ് ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിച്ചത്. പേടകങ്ങൾ തുറന്ന് അവിടെ ഭക്തർക്കു ദർശനം നൽകി. തുടർന്ന് കുരുടാമണ്ണിൽപടിയിൽ പേടകങ്ങൾ ഇറക്കിവെച്ചു. അവിടെ നിന്നും മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ അയിരൂർ ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. രണ്ടാം ദിവസം മൂക്കന്നൂർ, ഇളപ്പ്, ഇടപ്പാവൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പമ്പാനദിയിലെ പേരുച്ചാൽ പാലം കടന്ന് കീക്കൊഴൂരെത്തി. തുടർന്ന് ആയിക്കൽ തിരുവാഭരണപാറ, റാന്നി ബ്ലോക്ക് ഓഫീസ്പടി, കുത്തുകല്ലുങ്കൽപടി, മന്ദിരം, പള്ളിപ്പടി, പാലച്ചുവട്, ഇടക്കുളം, പള്ളിക്കമുരുപ്പ്, വടശേരിക്കര പേങ്ങാട്ടുകടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കല്ലാറ്റിലെ പാലം കടന്ന് ചെറുകാവ് ദേവീക്ഷേത്രത്തിലെത്തി. അവിടെ നിന്നും പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കു വരവേറ്റു.
ചമ്പോണ്‍, മാടമൺ വള്ളക്കടവ്,മാടമണ്‍ ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട് എന്നിവിടങ്ങളിലെ സ്വീ കരണങ്ങളേറ്റുവാങ്ങി കക്കാറ്റിലെ പാലം കടന്ന് പെരുനാട് ചന്തക്കവലയിലെത്തി. കക്കാട്ട് കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ വരവേൽപ്പിനു ശേഷം മടത്തുംമൂഴി രാജരാജേശ്വരി മണ്ഡ പത്തിൽ പേടകങ്ങൾ തുറന്ന് പൂജ നടത്തും. വനയാത്രയിലെ വിഘ്നങ്ങളകറ്റാനാണ് പൂജ. കൂനംകര ശബരി ശരണാശ്രമം, തേവർവേലിൽ എൽപിഎസ്, പുതുക്കട, ചെമ്മണ്ണ്,ളാഹ അമ്മൻ കോവിൽ എന്നിവിടങ്ങളിലെ വര വേൽപ്പിനു ശേഷം വൈകിട്ടോടെ ളാഹ സത്രത്തിലെത്തും. ഇന്ന് അവിടെയാണ് വിശ്രമം. നാളെ ളാഹയിൽ നിന്നു പുറപ്പെട്ട് പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട് എന്നിവിടങ്ങളിലെ വരവേൽപ്പുകൾക്കു ശേഷം വന പാതയിലേക്കു കടക്കും. കൊല്ലമൂഴി, ഏട്ടപ്പെട്ടി, വയറ്റുകണ്ണിപ്പാറ, ഒളിയമ്പുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല വഴി സന്ധ്യയോടെ സന്നിധാനത്തെത്തും.