റാന്നി : തിരുവാഭരണപാതയില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍. പേങ്ങാട്ടുകടവ് പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പി പുറത്തായി. പുനരുദ്ധാരണം നടത്തിയില്ലെങ്കില്‍ പാലം അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. പമ്പാനദിയ്ക്ക് കുറച്ചു മുകളിലായി കല്ലാറിനു കുറുകെയാണ് ചെറിയ പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ വടശേരിക്കര ഭാഗത്താണ് തകര്‍ച്ച നേരിട്ടിരിക്കുന്നത്.
അപ്രോച്ച് റോഡ് പാലവുമായി ചേരുന്നിടത്തെ കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പി പുറത്തായ നിലയിലാണ് പാലം.മൂന്നു വര്‍ഷം മുമ്പ് ഇടക്കുളം വടശേരിക്കര തിരുവാഭരണ പാതയില്‍ പേങ്ങാട്ടുകടവില്‍ നിര്‍മ്മിച്ചതാണ് പാലം. തിരുവാഭരണ ഘോഷയാത്ര സുഗമമായി നദി കുറുകെ കടക്കുന്നതിനായി നിര്‍മ്മിച്ച പാലത്തില്‍ ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള വീതി മാത്രമേയുള്ളു.
ഇതില്‍ വടശേരിക്കര ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഇതുവരെയും നടന്നിട്ടില്ല. കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞിരിക്കുന്ന പാലത്തിനു മുകളിലൂടാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇത് പാലത്തിന്റെ ബലക്ഷയം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.