തിരുവല്ല : സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിനു ശ്രമിച്ചതിന് റിമാന്‍ഡിലാ യ വിദേശ പൗരനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പോലീസ് ഇന്നു കോടതിയില്‍ നല്‍കും. ഇറാന് പൗരനെന്ന പേരില്‍ തിരുവല്ലയിലെത്തി കുടുങ്ങിയ സൊറാദ് ഘോലിപോളിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ വ്യാജമെന്നു വ്യക്തമായതിനാലാണ് തുടര്‍ നടപടികള്‍ക്കുവേണ്ടി കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇയാള്‍ക്ക് സഹായിയായി ഒരാള്‍ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. അയാളെ സംബന്ധിച്ച വിവരശേഖരണവും പോലീസിനു നടത്തേണ്ടതുണ്ട്.
റോ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കേസ് നിരീക്ഷിച്ചു വരികയാണ്. തിരുവല്ലയിലെ മണി എക്സ്ചേഞ്ച് സ്ഥാപനമായ അഹല്യമണിയില് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ സൊറാദിനെ ജീവനക്കാരുടെ അവസോരചിതമായ ഇടപെടലില്‍ കുടുക്കുകയായിരുന്നു.
പത്തനംതിട്ട റോയല്‍ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ രണ്ടു വര്‍ഷം മുമ്പു നടന്ന തട്ടിപ്പുകേസിലും ഇയാള്‍ പ്രതിയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.