തിരുവല്ല : നഗരത്തിൽ പട്ടാപ്പകല്‍ യുവാവിനുനേരെ നാലംഗ മുഖംമൂടി സംഘം ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കുരിശുകവലയിലെ അനായ് ട്രാവൽസ് ഉടമ പെരിങ്ങര സ്വദേശി സരസന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്.
തിരുവല്ല നഗരത്തിലെ ശങ്കരമംഗലം ബിൽഡിങ്ങിലെ സ്വന്തം സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം മുഖംമറച്ചശേഷം ഹെൽമെറ്റ് ധരിച്ചെത്തി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സരസന്റെ പിന്നാലെയെത്തി തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയതോടെ നാൽവർസംഘം ബൈക്കിൽ രക്ഷപ്പെട്ടു. കൈക്കും തലക്കും പരിക്കേറ്റ സരസൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവല്ല പോലീസ് സമീപത്തെ സ്ഥാപനങ്ങളുടെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു അക്രമികളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു .മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.