പത്തനംതിട്ട: തിരുവല്ല – കുമ്പഴ റോഡിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി അബിൻ വർക്കി കോടിയാട്ട് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം. തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാറുകാർ, ഉൾപ്പടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. നിർമ്മാണപുരോഗതി വിലയിരുത്തിയ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികളുടെ പരാതികൾ കേട്ട് അടിയന്തിര പരിഹാരം കാണാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ കുമ്പഴയിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത്. ട്രാഫിക് സിഗ്നൽ, ബസ് ബെ, അബാൻ മേൽപ്പാലം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രദേശവാസികൾക്ക് വ്യാപാരികൾക്കും പറയാനുണ്ടായിരുന്നത്. ഇവക്ക് അതിവേഗം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ അബിൻ വർക്കി എംഎൽഎ സിവിൽ സ്റ്റേഷനുമായി ബന്ധപ്പെട്ട നിർമ്മാണപുരോഗതി വിലയിരുത്തി.
ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ ശാലേം – പലച്ചുവട് ജംഗ്ഷനുകൾക്കിടയിലെ സ്ഥിരം അപകടമേഖല സന്ദർശിച്ച സംഘം പ്രശ്ന പരിഹാരത്തിനായി പദ്ധതി രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മല്ലപ്പുഴശേരിയിലെ നെല്ലിക്കാല ജംഗ്ഷൻ സന്ദർശിച്ച സംഘം ഗവ.എൽപി സ്കൂളിനെ മുൻവശത്തെ ഗതാഗത കുരുക്ക് പരിഹരിക്കാനും കോഴഞ്ചേരി മാരാമൺ പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദേശത്തെ പണികൾ പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജംഗ്ഷൻ സന്ദർശിച്ച സംഘം ആർഡിഒ, എംവിഡി എന്നിവരുമായി കൂടിയാലോചിച്ച് വ്യക്തവും സുരക്ഷിതവുമായ ട്രാഫിക് സിസ്റ്റം തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോയിപ്രം പഞ്ചായത്തിലെ പുല്ലാട്, കുമ്പനാട് മേഖലകളിലും സന്ദർശനം നടത്തി, ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാൻ പദ്ധതി രേഖ തയ്യാറാക്കാനും ഇതിനായി പഞ്ചായത്ത് അധികൃതരോട് പ്രത്യേക യോഗം ചേരാനും ഇരവിപേരൂർ ജംഗ്ഷനിൽ ഡ്രെയിനേജ് നിർമ്മാണം പൂർത്തിയാക്കിയാൽ മാത്രമേ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംഎൽഎയുടെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവല്ല – കുമ്പഴ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്കകൾക്ക് പരിഹാരം കാണുമെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു. പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി മുകുന്ദൻ, ജോമോൻ പുതുപ്പറമ്പിൽ, ഈപ്പൻ വർഗ്ഗീസ്, ബിജിമോൾ, ബെന്നി കുഴിക്കാല എന്നിവരും ഒപ്പമുണ്ടായിരുന്നു.





























