റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കാനിരിക്കുന്ന ‘അംബായാഗം 2026’-ന്റെ ഭാഗമായി ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം സമാപനത്തിലേക്ക്. യജ്ഞത്തിന്റെ ഇരുപതാം ദിവസത്തെ ചടങ്ങുകൾ റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി.എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി.എൻ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചെത്തക്കൽ ദേവി ശാസ്താ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടന്നു.
നാളെ ആയില്യം പൂജയും സമാപനവും ക്ഷേത്രത്തിൽ പ്രതിമാസം നടന്നുവരുന്ന ആയില്യം പൂജ ഒക്ടോബർ 6 ചൊവ്വാഴ്ച രാവിലെ 9.30-ന് നടക്കും. ഇതിനോടനുബന്ധിച്ച് 21 ദിവസമായി നടന്നുവരുന്ന നാരായണീയ പാരായണയജ്ഞത്തിന്റെയും സമാപനം കുറിക്കും. അംബായാഗത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കലവറ നിറയ്ക്കൽ’ ചടങ്ങിന് ഭക്തജനങ്ങളിൽ നിന്നും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. അന്നദാനത്തിനായി ഭക്ഷ്യവസ്തുക്കൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തുടർന്നും ക്ഷേത്രത്തിൽ ഇവ എത്തിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. യാഗത്തിന്റെ അടിസ്ഥാന സൗകര്യ ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്.
മഹാശോഭായാത്ര ഒക്ടോബർ 8-ന് അംബായാഗത്തിന്റെ ഭാഗമായുള്ള മൂന്ന് രഥയാത്രകൾ ഒക്ടോബർ 8-ന് റാന്നിയിലെത്തും. തുടർന്ന് ഇട്ടിയപ്പാറയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന മഹാശോഭായാത്ര വൈകിട്ട് 6 മണിയോടെ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. ഒക്ടോബർ 9 മുതൽ 18 വരെ പത്ത് ദിവസങ്ങളിലായാണ് അംബായാഗം നടക്കുന്നത്. ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പുറമേ അന്നദാനം, വ്യാപാര–വിനോദ മേള എന്നിവയും യാഗത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. അംബായാഗത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




























